congress-cpm-flag

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര് ജയിക്കും? കേരളം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പിനെ പറ്റി ക്രിപ്‌റ്റോ അധിഷ്ഠിത വാതുവെയ്പ്പ് പ്ലാറ്റ്‌ഫോമായ പോളി മാര്‍ക്കറ്റില്‍ പ്രവചനം. കേരളത്തില്‍ കോണ്‍ഗ്രസ് കൂടുതല്‍ സീറ്റ് നേടുന്ന ചോദ്യത്തിന് മുകളിലാണ് ട്രേഡ് നടക്കുന്നത്. കോണ്‍ഗ്രസ് ഏറ്റവും വലിയ കക്ഷിയാകാന്‍ 68 ശതമാനം സാധ്യതയാണ് പോളിമാര്‍ക്കറ്റ് പ്രവചിക്കുന്നത്. സിപിഎമ്മിന് 30 ശതമാനം സാധ്യതയും പോളിമാര്‍ക്കറ്റിലെ ട്രേഡ് പറയുന്നു. 

യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാതുവെയ്പ്പ് പ്ലാറ്റ്ഫോമാണ് പോളിമാര്‍ക്കറ്റ്. ഓരോവിഷയത്തിലും പോളിമാര്‍ക്കറ്റില്‍ വാതുവെയ്പ്പ് നടത്താം. ഫലങ്ങളെ പ്രതിനിധീകരിക്കുന്ന ഓഹരികൾ യെസ് അല്ലെങ്കില്‍ നോ എന്ന തരത്തില്‍ പോളിമാര്‍ക്കറ്റില്‍  വാങ്ങാനും വിൽക്കാനും കഴിയും. സംഭവം നടക്കാൻ സാധ്യത കൂടുന്തോറും ഓഹരിയുടെ വില കൂടും. ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയായ പോളിഗൺ നെറ്റ്‌വർക്കിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. വാതുവെയ്പ്പിന് USDC എന്ന ക്രിപ്റ്റോ കറൻസിയാണ് ഉപയോഗിക്കുന്നത്. ഓഹരികൾക്ക് എപ്പോഴും 0.00 നും 1.00 USDC നും ഇടയിലാണ് വില

നിലവില്‍ മുന്നിലുള്ള കോണ്‍ഗ്രസിന്‍റെ സാധ്യതയില്‍ 70 സെന്‍റ് മുടക്കി പങ്കെടുക്കാം. ഡിസംബര്‍ 23 നാണ് പോളിമാര്‍ക്കറ്റില്‍ ഈ പ്രവചനം ആരംഭിച്ചത്. ഇതുവരെ 5,816 ഡോളര്‍മൂല്യമുള്ള ഇടപാടുകളാണ് നടന്നത്.  അതായത് ഏകദേശം 5.23 ലക്ഷം രൂപ മൂല്യം വരുന്ന ഇടപാട് നടന്നു. 

polymarket-congress

Polymarket സ്ക്രീന്‍ ഷോട്ട്

കേരള രാഷ്ട്രീയത്തെ സംബന്ധിച്ച് ലൈവായിട്ടുള്ള മറ്റൊരു ട്രേ‍ഡ് ലീഗിന് എത്ര സീറ്റ് ലഭിക്കുമെന്നതാണ്. 16-18 സീറ്റിന് 41 ശതമാനം പേര്‍ വാതുവെയ്ക്കുന്നു. 22 ന് മുകളില്‍ സീറ്റ് കിട്ടാന്‍ 36 ശതമാനം സാധ്യതയാണ് പറയുന്നത്. 7,052  ഡോളര്‍ മൂല്യമുള്ള ഇടപാടുകള്‍ ഇതുവരെ നടന്നു. അതായത് 6.34 ലക്ഷം രൂപയുടെ ഇടപാട്. 13-15 സീറ്റിനും 36 ശതമാനം പേര്‍ ബെറ്റ് വെയ്ക്കുന്നു. 2026 മേയ് 23 ന് ഈ രണ്ട് വാതുവെയ്പ്പും അവസാനിക്കും. 

polymarket-iuml

Polymarket സ്ക്രീന്‍ ഷോട്ട്

കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന അസമിനെ പറ്റിയുള്ള പ്രവചനവും നടക്കുന്നുണ്ട്. ബിജെപിയ്ക്ക് 89 ശതമാനം സാധ്യതയാണ്  ഈ വാതുവെയ്പ്പിലുള്ളത്. കോണ്‍ഗ്രസിന് മൂന്ന് ശതമാനമാണ് സാധ്യത. തമിഴ്നാട്ടില്‍ ടിവികെ 52 ശതമാനം സാധ്യതയും ഡിഎംകെയ്ക്ക് 42 ശതമാനം സാധ്യതയുമുണ്ട്. 

ENGLISH SUMMARY:

Kerala election prediction indicates a strong likelihood of a Congress victory, according to crypto-based betting platform Poly Market. The platform suggests a 68% chance of Congress emerging as the largest party, while the CPM holds a 30% probability.