നിയമസഭാ തിരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ മല്‍സരിക്കാന്‍ ലക്ഷ്യമിടുന്ന പി.വി.അന്‍വറിന് പിന്തുണയുമായി മുസ്‌ലിം ലീഗ്. അന്‍വര്‍ മല്‍സരിക്കാനിറങ്ങിയാല്‍ സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലമായി ബേപ്പൂര്‍ മാറുമെന്നും വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചു കയറുമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി. മായിന്‍ഹാജി മനോരമ ന്യൂസിനോട് പറഞ്ഞു. സംസ്ഥാന രാഷ്ട്രീയമാണ് ഇവിടെ പ്രധാന ചര്‍ച്ചയെന്നും മായിന്‍ഹാജി വ്യക്തമാക്കി. മന്ത്രി മുഹമ്മദ് റിയാസിന്‍റെ സ്ഥാനാര്‍ഥിത്വമോ വികസന പ്രവര്‍ത്തനങ്ങളോ ബേപ്പൂരില്‍ ഒരു വെല്ലുവിളിയല്ലെന്നും അദ്ദേഹം വിലയിരുത്തുന്നു. പിണറായി വിജയന്‍റെ മരുമകനാണെന്നതും പോസ്റ്റിട്ടതുമല്ല വോട്ട് പിടിക്കുകയെന്നാണ് അദ്ദേഹത്തിന്‍റെ വിലയിരുത്തല്‍.
അതേസമയം, സീറ്റിന്‍റെ കാര്യത്തില്‍ പി.വി.അന്‍വര്‍ നേരത്തെ തന്നെ തന്‍റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സീറ്റ് വിഭജനത്തില്‍ യുഡിഫില്‍ അന്തിമ ചിത്രമായിട്ടില്ലെങ്കിലും ബേപ്പൂരില്‍ ഉയര്‍ന്നുകേള്‍ക്കുന്ന പേരും അന്‍വറിന്റേത് തന്നെ. സീറ്റ് ഉറപ്പാക്കുന്നതിനായി മായിന്‍ ഹാജി ഉള്‍പ്പടെയുള്ളവരെ അന്‍വര്‍ നേരില്‍ കണ്ട് സാധ്യതകളും ആരാഞ്ഞിരുന്നു.
ലോക്സഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനായിരുന്നു ഭൂരിപക്ഷം. മന്ത്രി മണ്ഡലമായിട്ടും തദ്ദേശ തിരഞ്ഞെടുപ്പില്‍ 1340 വോട്ടിന്‍റെ ലീഡേ എല്‍ഡിഎഫിനുള്ളു. കോണ്‍ഗ്രസ് മല്‍സരിക്കുന്ന ബേപ്പൂര്‍ അന്‍വറിന് വിട്ടുകൊടുക്കുന്നതില്‍ പാര്‍ട്ടിയിലോ മുന്നണിയിലോ കാര്യമായ എതിര്‍പ്പില്ലെന്നാണ് സൂചന. 28747 വോട്ടിന്റ ഭൂരിപക്ഷത്തില്‍ മുഹമ്മദ് റിയാസ് ജയിച്ചുകയറിയ മണ്ഡലത്തില്‍ നാലുപതിറ്റാണ്ടിനുശേഷം അന്‍വറിലൂടെ അട്ടിമറിയുണ്ടാകുമോയെന്നതാണ് നിര്‍ണായകം.