ശബരിമല സ്വര്‍ണക്കൊള്ളയിലെ നിര്‍ണായകമായ സ്വര്‍ണപ്പാളികളുടെ പരിശോധനാഫലം കോടതിയില്‍. ഇപ്പോഴുള്ള കട്ടിള, ദ്വാരപാലക ശില്‍പ്പപാളികള്‍ യഥാര്‍ത്ഥപാളികളാണോയെന്ന് ഉള്‍പ്പെടെ അറിയാവുന്ന ഫലമാണ് കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. അറസ്റ്റിലായ കെ.പി.ശങ്കരദാസിനെ ആശുപത്രിയില്‍ നിന്ന് മാറ്റണോയെന്ന് തീരുമാനിക്കുന്ന റിപ്പോര്‍ട്ട് നാളെ ജയില്‍ വകുപ്പ് കോടതിയില്‍ നല്‍കും. മുന്‍ അംഗം എന്‍.വിജയകുമാറിനെ എസ്.ഐ.ടി വീണ്ടും കസ്റ്റഡിയില്‍ വാങ്ങി.
സ്വര്‍ണക്കൊള്ള അന്വേഷണത്തിലെ ഏറ്റവും നിര്‍ണായകമാണ് സ്വര്‍ണപ്പാളികളുടെ ശാസ്ത്രീയ പരിശോധനാഫലം. കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ്പപാളി എന്നിവയില്‍ നിന്ന് ശേഖരിച്ച സാംപിളുകളാണ് വി.എസ്.എസ്.സിയില്‍ പരിശോധിച്ചത്. അമ്പത് ദിവസത്തിലേറെ നീണ്ട പരിശോധനക്ക് ഒടുവിലാണ് മുദ്രവെച്ച കവറില്‍ കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. 2019ല്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിപാളികള്‍ കൊണ്ടുപോയി സ്വര്‍ണം ഉരുക്കി വേര്‍തിരിച്ചെടുത്ത ശേഷം, കുറഞ്ഞ അളവില്‍ സ്വര്‍ണം പൂശി തിരികെ സ്ഥാപിച്ചെന്നാണ് കരുതുന്നത്. എന്നാല്‍ തിരികെ സ്ഥാപിച്ചത് യഥാര്‍ത്ഥ പാളിയാണോ അതോ ഡ്യൂപ്ളിക്കേറ്റ് പാളിയാണോ എന്നതടക്കം പരിശോധനാഫലത്തില്‍ നിന്ന് മനസിലാകും. ഡ്യൂപ്ളിക്കേറ്റ് പാളിയെന്ന് തെളിഞ്ഞാല്‍ സ്വര്‍ണക്കൊള്ളയുടെ ആഴം വര്‍ധിക്കും. കോടതി പരിശോധിച്ച ശേഷം അന്വേഷണസംഘത്തിന് ഫലം കൈമാറും.
അറസ്റ്റിലായ കെ.പി.ശങ്കരദാസ് സ്വകാര്യ ആശുപത്രിയില്‍ തുടരുകയാണ്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നുള്ള ഡോകടര്‍ ഇന്ന് ആശുപത്രിയിലെത്തി പരിശോധിച്ചു. റിപ്പോര്‍ട്ട് നാളെ കോടതിയില്‍ കൊടുക്കും. അതിന് ശേഷം മെഡിക്കല്‍ കോളജിലേക്ക് മാറ്റണോയെന്ന് തീരുമാനിക്കും. അതിനിടെ ജയിലിലായിരുന്ന മുന്‍ അംഗം എന്‍.വിജയകുമാറിനെ ചോദ്യം ചെയ്യാനായി വീണ്ടും എസ്.ഐ.ടി കസ്റ്റഡിയില്‍ വാങ്ങി.