കേരള കോണ്‍ഗ്രസ് എമ്മിന്‍റെ നിര്‍ണായക സ്റ്റിയറിങ് കമ്മിറ്റി യോഗം ഇന്ന് ചേരുമ്പോളും തീരുമാനം കാത്ത് ഇരുമുന്നണികളും. കേരള കോണ്‍ഗ്രസ് എം മുന്നണി വിടില്ലെന്ന് ഉറച്ച് വിശ്വസിക്കുകയാണ് എല്‍.ഡി.എഫ്. കഴിഞ്ഞ ദിവസം ജോസ് കെ.മാണി നിലപാട് വ്യക്തമാക്കിയത് ഇതിന്‍റെ ഭാഗമെന്നാണ് വിലയിരുത്തല്‍. അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില്‍ പിന്നീട് ചര്‍ച്ച ചെയ്ത് പരിഹരിക്കാവുന്നതേയുള്ളെന്നും എല്‍.ഡി.എഫ് വിലയിരുത്തുന്നു.
ഇനി അഥവാ മുന്നണി മാറാനുള്ള ആവശ്യം സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്നാലും മന്ത്രി റോഷി അഗസ്റ്റിന്‍റെ നേതൃത്വത്തില്‍ ഒരു വിഭാഗം ശക്തമായി എതിര്‍ക്കുമെന്നും പ്രതീക്ഷിക്കുന്നു. കേരള കോണ്‍ഗ്രസ് എം ആഗ്രഹം പ്രകടിപ്പിക്കട്ടേയെന്ന നിലപാടിലാണ് യു.ഡി.എഫ്. മുന്നണിമാറ്റവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളെല്ലാം തള്ളിയാണ് കഴിഞ്ഞ ദിവസം ജോസ് കെ മാണി മാധ്യമങ്ങളെ കണ്ടിരുന്നത്. എല്‍ഡിഎഫില്‍ ഉറച്ചുനില്‍ക്കുമെന്നും തങ്ങളെയോര്‍ത്ത് ആരും കരയേണ്ടെന്നുമായിരുന്നു ജോസിന്റെ പ്രതികരണം.
കേരള കോണ്‍ഗ്രസ് എവിടെയോ അവിടെ ഭരണമുണ്ടാകുമെന്ന് പറഞ്ഞ ജോസ് കെ മാണി, അഞ്ച് എംഎൽഎമാരും ഒരുമിച്ചു നിൽക്കുമെന്നും വ്യക്തമാക്കി. നിലവിൽ ഇടതിനൊപ്പം തുടരുമെന്ന് പറയുമ്പോഴും പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്നും ജോസ് സമ്മതിച്ചിരുന്നു.