TOPICS COVERED

ലോക്‌സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ഉണ്ടായ മുന്നേറ്റം ആലപ്പുഴയിൽ നിയമസഭാ തിരഞ്ഞെടുപ്പിലും തുടരാൻ തീവ്രശ്രമവുമായി ബിജെപി. ഓരോ തിരഞ്ഞെടുപ്പിലും വോട്ട് ശതമാനം കൂടുന്ന ആലപ്പുഴയിൽ പാർട്ടിയിലെ ശക്തരെ തന്നെ രംഗത്തിറക്കാനാണ് ബിജെപി ആലോചന. ശോഭാ സുരേന്ദ്രൻ, പത്മജ വേണുഗോപാൽ, കുമ്മനം രാജശേഖരൻ, ടി.പി സെൻകുമാർ എന്നിവരടക്കമുള്ളവരെ ആലപ്പുഴയിൽ പോരാട്ടത്തിനിറക്കാൻ ബിജെപി പരിഗണിക്കുന്നു.

നേരത്തെ ബിജെപി കാര്യമായി ശ്രദ്ധിക്കാത്ത ഇടമായിരുന്നെങ്കിലും അടുത്തകാലത്ത് ദേശീയ നേതൃത്വം ശ്രദ്ധയോടെ വീക്ഷിക്കുന്ന സ്ഥലമായി ആലപ്പുഴ മാറിയിട്ടുണ്ട്. ബിജെപി ബിജെഡിഎസ് നാല് മണ്ഡലങ്ങളിലുമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മൽസരിച്ചത്. ഇത്തവണ ചില മണ്ഡലങ്ങൾ വച്ചു മാറിയേക്കും എന്ന സൂചനകളാണ് പ്രബലം. നേരത്തെ ബിജെഡിഎസ് മൽസരിച്ചിരുന്ന കായംകുളത്ത് ബിജെപി സ്ഥാനാർഥിയായി ശോഭാ സുരേന്ദ്രൻ മൽസരിക്കുമെന്ന പ്രചാരണം നേരത്തെ തന്നെ ശക്തമാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടു നിലയിൽ കായംകുളം നിയമസഭാ മണ്ഡലത്തിൽ ബിജെപി ഒന്നാമതെത്തിയതാണ് ഇതിനുകാരണം. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പായപ്പോൾ സി പി എമ്മും ഇടതുമുന്നണിയും ആധിപത്യം തിരിച്ചു പിടിച്ചു. 

കായംകുളത്തിന് പകരം പാലക്കാട് മണ്ഡലത്തിൽ മൽസരിക്കാനുള്ള ആഗ്രഹം നേതൃത്വത്തെ ശോഭാ സുരേന്ദ്രൻ അറിയിച്ചതായും വിവരമുണ്ട്. ശോഭാ സുരേന്ദ്രൻ കായംകുളത്തില്ലെങ്കിൽ പകരം കേൾക്കുന്ന പേര് മുൻ ഡിജിപി ടി.പി. സെൻകുമാറിന്‍റേതാണ്. ഹരിപ്പാട് മണ്ഡലത്തിലാണ് കെ.കരുണാകരന്‍റെ മകൾ പദ്മജ വേണുഗോപാലിന്‍റെ പേര് സജീവമായി പരിഗണിക്കപ്പെടുന്നത്. കെ. കരുണാകരൻ  രാഷ്ട്രീയത്തിൽ വളർത്തിക്കൊണ്ടുവന്ന രമേശ് ചെന്നിത്തലയ്ക്കെതിരെ പദ്മജ മൽസരിക്കുന്നതും കൗതുകമാകും. പദ്മജയല്ലെങ്കിൽ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്‍റ് സന്ദീപ് വാചസ്പതി ഹരിപ്പാട് മൽസരിക്കാനാണ് സാധ്യത. 

ചെങ്ങന്നൂരിൽ കുമ്മനം രാജശേഖരന്‍റെ പേരിനാണ് പ്രാമുഖ്യം. കുമ്മനത്തിനൊപ്പം ബിജെപി മുൻ ജില്ലാ പ്രസിഡന്‍റും ഇപ്പോൾ സംസ്ഥാന സെക്രട്ടറിയുമായ എം.വി ഗോപകുമാറിന്‍റെ പേരും പരിഗണനയിലുണ്ട്. ടി.പി സെൻകുമാറിന്‍റെ പേരും ഇവിടേക്ക് പറഞ്ഞു കേൾക്കുന്നുണ്ട്. അമ്പലപ്പുഴയിൽ ബിജെപി നോർത്ത് ജില്ലാ പ്രസിഡന്‍റ് അഡ്വ. പി.കെ. ബിനോയ്, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തിയ അഡ്വ. രൺജിത്ത് ശ്രീനിവാസന്‍റെ ഭാര്യ അഡ്വ. ലിഷാ രൺജിത് എന്നിവരെയാണ് പരിഗണിക്കുന്നത്.

ആലപ്പുഴയിൽ ഡോ. കെ.എസ്. രാധാകൃഷ്ണന്‍റെ പേരിനാണ് മുൻതൂക്കം. മാവേലിക്കരയിൽ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപന്‍റെ പേരിനാണ് പ്രഥമ പരിഗണന. ബിജെഡിഎസുമായി ബിജെപി പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കി. ബിജെഡിഎസ് അധ്യക്ഷൻ  തുഷാർ വെള്ളാപ്പള്ളി കുട്ടനാട്ടിൽ മൽസരിക്കണമെന്ന ആഗ്രഹം ബിജെപി നേതൃത്വം മുന്നോട്ട് വച്ചിട്ടുണ്ടെങ്കിലും തുഷാർ നിലപാട് അറിയിച്ചിട്ടില്ല.

ENGLISH SUMMARY:

Following their gains in Lok Sabha and local body elections, the BJP is intensifying its efforts in Alappuzha for the upcoming Assembly polls. The party is considering high-profile candidates like Sobha Surendran, Padmaja Venugopal, Kummanam Rajasekharan, and T.P. Senkumar to contest in key constituencies. A major highlight could be Padmaja Venugopal facing Ramesh Chennithala in Haripad. While discussions with BDJS regarding seat sharing are underway, the BJP has also suggested that Thushar Vellappally contest from Kuttanad.