വൈപ്പിന്‍ നിയമസഭാ സീറ്റില്‍ മല്‍സരിക്കാന്‍ സന്നദ്ധത അറിയിച്ച് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി അംഗം കെ.പി.ധനപാലന്‍. സിപിഎമ്മിന്‍റെ സിറ്റിങ് സീറ്റ് പിടിച്ചെടുക്കുകയെന്ന വെല്ലുവിളി ഏറ്റെടുക്കാന്‍ തയാറാണെന്ന് കെ.പി.ധനപാലന്‍. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ പലപ്പോഴും തഴയപ്പെട്ടിട്ടുണ്ടെന്നും എക്കാലത്തും പാര്‍ട്ടിക്ക് വിധേയനാണെന്നും ധനപാലന്‍ പറഞ്ഞു.
മല്‍സരിക്കാന്‍ പറ്റിയ കാലാവസ്ഥയാണെന്ന് കെ.പി. ധനപാലന്‍. മനസിലുള്ളത് വൈപ്പിന്‍ സീറ്റ്. സാമുദായിക സമവാക്യങ്ങളും രാഷ്ട്രീയസാഹചര്യവും അനുകൂലമാണെന്ന് ധനപാലന്‍ പറയുന്നു. പാര്‍ട്ടി പ്രവര്‍ത്തകരും താന്‍ മല്‍സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ധനപാലന്‍ ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടി തീരുമാനത്തിനായി കാത്തിരിക്കുന്നു.
ചാലക്കുടി എംപിയായിരുന്ന ധനപാലന് പി.സി ചാക്കോയ്ക്ക് വേണ്ടി തൃശൂരിലേയ്ക്ക് മാറിക്കൊടുക്കേണ്ടിവന്നത് രാഷട്രീയ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു. പിന്നീട് കൊടുങ്ങല്ലൂര്‍ നിയമസഭാ സീറ്റില്‍ മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പില്‍ വൈപ്പിന്‍ മേഖലയുടെ ചുമതല കെ.പി. ധനപാലന് ആയിരുന്നു. എടവനക്കാടും പള്ളിപ്പുറവും ഒഴികെയുള്ള പഞ്ചായത്തുകള്‍ നേടി യുഡിഎഫ് ഇത്തവണ ചരിത്രവിജയം നേടിയതും വൈപ്പിന്‍ സീറ്റ് സിപിഎമ്മില്‍ നിന്ന് പിടിച്ചെടുക്കാന്‍ ആത്മവിശ്വാസം നല്‍കുന്നു.