ജോസ് കെ.മാണി എല്‍ഡിഎഫില്‍ നില്‍ക്കുമെന്ന് ഉറപ്പില്ലാതെ സിപിഎം നേതൃത്വം. നിലപാടില്‍ വ്യക്തത വരുത്താന്‍ ജോസുമായി ആശയവിനിമയം നടത്താന്‍ സിപിഎം നേതാക്കള്‍ക്ക് ആയിട്ടില്ലെന്നാണ് വിവരം. ഇടതുപക്ഷത്തോട് ഉറച്ചുനില്‍ക്കുമെന്ന ജോസിന്‍റെ നിലപാടില്‍ സിപിഎമ്മിന് ഉറപ്പില്ലെന്ന് നിലപാടിലാണ് പല നേതാക്കളും. കേരള കോണ്‍ഗ്രസ് മുന്നണി വിട്ടാല്‍ ആ പാര്‍ട്ടിയെ പിളര്‍ത്താനാണ് സിപിഎം നീക്കം. റോഷി അഗസ്റ്റിനുമായും പ്രമോദ് നാരായണുമായി സിപിഎം നേതൃത്വം ആശയവിനിമയം നടത്തി.

അതേസമയം, സോണിയ ഗാന്ധി ജോസ് കെ മാണിയെ ഫോണിൽ വിളിച്ചെന്ന വാർത്തകൾ തള്ളി കോൺഗ്രസ് ദേശീയ നേതൃത്വം. സോണിയ ഗാന്ധി ഒരുതരത്തിലുള്ള ഇടപെടലും നടത്തിയിട്ടില്ല. സീറ്റുകളിൽ ഉപാധി വക്കാതെ വന്നാൽ ജോസ് കെ മാണിയെ സ്വീകരിക്കാം എന്നുമാണ് ഹൈക്കമാൻഡ് നിലപാട്. കേരള കോൺഗ്രസ് യു.ഡി.എഫിലേക്ക് വരാൻ തീരുമാനിച്ചാൽ കോൺഗ്രസ് തീരുമാനമെടുക്കുമെന്ന് കെ.സി വേണുഗോപാൽ പ്രതികരിച്ചു.

ജോസ് കെ മാണിയെ യുഡിഎഫിൽ എത്തിക്കാൻ സോണിയ ഗാന്ധി ഇടപെട്ടെന്ന റിപ്പോർട്ടുകളെ പൂർണ്ണമായി തള്ളുകയാണ് കോൺഗ്രസ് ദേശീയ നേതൃത്വം. കേരളമെന്നല്ല ഒരു സംസ്ഥാനത്തെയും തിരഞ്ഞെടുപ്പ് ചർച്ചകളിൽ സോണിയ ഗാന്ധി ഇടപെടാറില്ല. ഒരാഴ്ചയായി ആശുപത്രിയിലായിരുന്ന സോണിയാഗാന്ധി വസതിയിൽ എത്തിയ ശേഷവും പൂർണ്ണ വിശ്രമത്തിലാണ്. ഇക്കാര്യങ്ങളിലെല്ലാം സംസ്ഥാന നേതൃത്വമാണ് തീരുമാനമെടുത്ത് ഹൈക്കമാന്റിനെ അറിയിക്കേണ്ടത് എന്നുമാണ് ദേശീയ നേതൃത്വത്തിന്റെ പ്രതികരണം. സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും ഇക്കാര്യം ആവർത്തിച്ചു.

ജോസ് കെ മാണി യുഡിഎഫിലേക്ക് വരുന്നതിനോട് ഹൈക്കമാൻഡിന് അനുകൂല നിലപാടാണ്. കൂടുതൽ കക്ഷികൾ വരുന്നത് യുഡിഎഫ് അധികാരത്തിലേക്ക് എന്ന പ്രതീതി സൃഷ്ടിക്കും. പക്ഷേ സീറ്റുകളുടെ കാര്യത്തിൽ ഉപാധി വയ്ക്കരുത്. കോൺഗ്രസിന്റെ സീറ്റുകൾ വിട്ടുകൊടുക്കാൻ പാർട്ടിക്ക് താൽപര്യമില്ല. ജോസഫിനെ പിണക്കാതെ വേണം ജോസിനെ എടുക്കാനെന്നുമാണ് ഹൈക്കമാൻഡ് നിലപാട്. ഇക്കാര്യം പിസിസിയെ അറിയിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

The CPM leadership remains uncertain about Jose K. Mani’s commitment to the LDF. Reports indicate that CPM leaders have failed to get clear communication from Jose on his stance. If Kerala Congress exits the alliance, the CPM is said to be exploring the possibility of splitting the party. The Congress High Command has denied reports of Sonia Gandhi’s intervention in the matter. Congress leaders say Jose K. Mani can be accommodated in the UDF without seat-related conditions. The High Command has also stressed that any move should not alienate P.J. Joseph or affect Congress seats.