ആലപ്പുഴ ജില്ലയിൽ യുഡിഎഫിൽ പുതിയ ചില മുഖങ്ങൾ സ്ഥാനാർഥികളാകുമെന്ന് സൂചന. ആകെയുള്ള 9 സീറ്റിൽ കഴിഞ്ഞ തവണ ഒരിടത്ത് മാത്രമാണ് യുഡിഎഫ് വിജയം കണ്ടത്. ഇത്തവണ അഞ്ച് സീറ്റുകളിലെങ്കിലും വിജയം ഉണ്ടാകുമെന്ന പ്രതീക്ഷയാണ് യുഡിഎഫ്, കോൺഗ്രസ് നേതൃത്വം പങ്കുവയ്ക്കുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്നേറ്റം നിയമസഭയിലും ആവർത്തിക്കാമെന്ന പ്രതീക്ഷയാണ് ആലപ്പുഴയിൽ യുഡിഎഫിന്. പരിചയസമ്പന്നതയ്ക്കൊപ്പം പുതുനിരയെയും പരീക്ഷിച്ച് നേട്ടം കൊയ്യാനാണ് ശ്രമം. കഴിഞ്ഞ തവണ ആലപ്പുഴ ജില്ലയിൽ ലഭിച്ച ഒന്നിന് പകരം 5 സീറ്റ് എങ്കിലും നേടുക എന്ന ലക്ഷ്യവുമായാണ് കോൺഗ്രസിൻ്റെ ഒരുക്കങ്ങൾ. ജില്ലയിൽ എട്ടിടത്ത് കോൺഗ്രസും ഒരിടത്ത് കേരള കോൺഗ്രസിനും ആയിരുന്നു കഴിഞ്ഞ തവണ സീറ്റ്. അരൂരിൽ കെപിസിസി കോർ കമ്മിറ്റി അംഗം ഷാനിമോൾ ഉസ്മാൻ, കെപിസിസി ജനറൽ സെക്രട്ടറി എം.ജെ. ജോബ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ഡോ. എം.പി. പ്രവീൺ എന്നിവരുടെ പേരുകളാണ് പരിഗണനയിൽ. ചേർത്തലയിൽ കഴിഞ്ഞ തവണ സ്ഥാനാർത്ഥി ആയിരുന്ന കെപിസിസി സെക്രട്ടറി അഡ്വ. എസ്. ശരത്, ഡിസിസി ജനറൽ സെക്രട്ടറിയും കയർ രംഗത്തെ ട്രേഡ് യൂണിയൻ നേതാവുമായ കെ.ആർ. രാജേന്ദ്രപ്രസാദ് എന്നിവർ പരിഗണിക്കപെടാം. എന്നാൽ, ചേർത്തലയിൽ സ്ഥാനാർഥി ആരാകണം എന്നതിൽ എ.കെ. ആൻ്റണിയുടെ അഭിപ്രായം നിർന്നായകമാകും. ആലപ്പുഴയിൽ പരിഗണിക്കപ്പെടുന്നവരുടെ എണ്ണം കൂടുതലാണ്. കെപിസിസി ജനറൽ സെക്രട്ടറി എം.ജെ. ജോബ്, കെഎസ് യു ജില്ലാ പ്രസിഡൻ്റ് എ.ഡി. തോമസ്, ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. റീഗോ രാജു, കഴിഞ്ഞ തവണ മൽസരിച്ച ഡോ. കെ.എസ്. മനോജ് എന്നിവരാണ് പരിഗണിക്കപ്പെടുന്നത്. അമ്പലപ്പുഴയിൽ കെപിസിസി വൈസ് പ്രസിഡൻ്റുമാരായ എം. ലിജു, എ.എ. ഷുക്കൂർ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ഡോ. എംപി പ്രവീൺ എന്നീ പേരുകൾക്കാണ് മുൻതൂക്കം. ഹരിപ്പാട് രമേശ് ചെന്നിത്തല വീണ്ടും ജനവിധി തേടും. കായംകുളത്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അരിത ബാബു, കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. കെ.പി. ശ്രീകുമാർ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അനു താജ് എന്നിവർക്കൊപ്പം കെപിസിസി ജനറൽ സെക്രട്ടറി എം ലിജുവിന്റെ പേരും പരിഗണിക്കും.
ചെങ്ങന്നൂരിൽ കെപിസിസി ജനറൽ സെക്രട്ടറി എബി കുര്യാക്കോസ്, യൂത്ത് കോൺഗ്രസ് വർക്കിങ്ങ് പ്രസിഡൻ്റ് ബിനു ചുള്ളിയിൽ എന്നിവരാണ് പരിഗണനയിൽ. അച്ചു ഉമ്മൻ്റെ പേരും ആദ്യഘട്ടത്തിൽ പറഞ്ഞു കേട്ടിരുന്നു. മാവേലിക്കരയിൽ യൂത്ത് കോൺഗ്രസ് കോർഡിനേറ്റർ മുത്താര രാജിൻ്റെ പേരിനാണ് മുൻതൂക്കം. കുട്ടനാട് ഘടകകക്ഷിയായ കേരള കോൺഗ്രസിൽ നിന്ന് കോൺഗ്രസ് ഏറ്റെടുത്ത് മൽസരിക്കണമെന്ന അഭിപ്രായം ഉണ്ടെങ്കിലും നിലവിലുള്ള സാഹചര്യത്തിൽ കുട്ടനാട്ടിൽ ഘടകകക്ഷി തന്നെ മൽസരിക്കാനാണ് സാധ്യത. എഐസിസി നേതൃത്വം നടത്തുന്ന സർവേയും ഓരോ മണ്ഡല സാമുദായിക ഘടനയും വിജയ സാധ്യതയും അടിസ്ഥാനമാക്കിയാകും സ്ഥാനാർഥിനിർണയം. കെസി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ തട്ടകം ആയതിനാൽ ഇവരുടെ അഭിപ്രായങ്ങളും സ്ഥാനാർത്ഥി നിർണയത്തിൽ സ്വാധീനം ചെലുത്തും.