കോഴിക്കോട് കോര്‍പറേഷനില്‍ സുപ്രധാന സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷസ്ഥാനം ബിജെപി നേടിയതിനു പിന്നാലെ യൂത്ത് ലീഗ് സെക്രട്ടറി ഫാത്തിമ തെഹ്‌ലിയയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ശ്രദ്ധിക്കപ്പെടുന്നു. ബിജെപിക്ക് വേണ്ടിയാണ് ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഎം നിലകൊണ്ടതെന്നും എല്ലാ വഴികളിലും താമരക്കുളം നനയ്‌ക്കുക എന്നത് മാത്രമാണ് സിപിഎമ്മിന്റെ നിലവിലെ ലക്ഷ്യമെന്നും ഫാത്തിമ പറയുന്നു.
‘കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷനിലെ വാർഡ് വിഭജനത്തിൽ നിന്നും വോട്ടർപട്ടികയിലെ അട്ടിമറി വരെയും, ഇന്നിപ്പോൾ ഒരു സ്റ്റാൻഡിംഗ് കമ്മിറ്റി പോലും നൽകുന്ന അവസ്ഥയിലേക്കും, സി.പി.എം തുടർച്ചയായി ബി.ജെ.പിക്ക് വേണ്ടിയാണ് ഈ തദ്ദേശതെരഞ്ഞെടുപ്പിൽ നിലകൊണ്ടത്, കോഴിക്കോട്ടെ സി.പി.എം-ന് ഇന്നൊരു ലക്ഷ്യമേ ഉള്ളൂ, തങ്ങൾക്കാവുന്ന എല്ലാ വഴികളിലും താമരക്കുളം നനയ്‌ക്കുക എന്നത് മാത്രം...’– ഫാത്തിമ ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഫാത്തിമയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ നിരവധിയാളുകള്‍ കമന്റുമായി രംഗത്തെത്തുന്നുണ്ട്. പിന്തുണച്ചും കടുത്ത വിമര്‍ശനമുന്നയിച്ചും പ്രതികരണങ്ങള്‍ നിറയുകയാണ്. ഇന്നലെയാണ് കോഴിക്കോട് കോര്‍പറേഷന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായി ഒരു സുപ്രധാന സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷസ്ഥാനം ബിജെപി സ്വന്തമാക്കിയത്.
കോർപ്പറേഷനിലെ നികുതികാര്യ സ്ഥിരം സമിതി (Taxation Standing Committee) അധ്യക്ഷസ്ഥാനത്തേയ്ക്ക് ബിജെപിയുടെ വിനീത സജീവനെയാണ് തിരഞ്ഞെടുത്തത്. എൽഡിഎഫ് അംഗം വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതിനെത്തുടർന്ന് നടന്ന നറുക്കെടുപ്പിലൂടെയാണ് സിവിൽ സ്റ്റേഷൻ വാർഡിൽ നിന്നുള്ള കൗൺസിലറായ വിനീത സജീവൻ തിരഞ്ഞെടുക്കപ്പെട്ടത്. നികുതികാര്യ സ്ഥിരം സമിതിയിൽ എൽഡിഎഫിനും യുഡിഎഫിനും ബിജെപിക്കും തുല്യശക്തികളായ അംഗങ്ങളാണുള്ളത്.
ബിജെപിക്ക് നാല് അംഗങ്ങളും യുഡിഎഫിന് നാല് അംഗങ്ങളും എൽഡിഎഫിന് ഒരു അംഗവുമാണ് ഈ സമിതിയിലുള്ളത്. എൽഡിഎഫ് അംഗം വിട്ടുനിന്നതോടെ ബിജെപി യുഡിഎഫ് വോട്ട് തുല്യമാവുകയും വിജയിയെ കണ്ടെത്താന്‍ നറുക്കെടുപ്പ് നടത്തുകയും ചെയ്തു. നറുക്ക് ബിജെപിയുടെ താമരയില്‍ വീണു.