.

കേരള കോണ്‍ഗ്രസിന്‍റെ മുന്നണിമാറ്റ അഭ്യൂഹങ്ങള്‍ക്കിടെ ജോസ് കെ.മാണിയെ ഫോണില്‍ വിളിച്ച് മന്ത്രി വി.എന്‍.വാസവന്‍. മുന്നണിവിടരുതെന്ന് വാസവന്‍ അറിയിച്ചതായാണ് വിവരം. കേരള കോണ്‍ഗ്രസ് എം മുന്നണിവിട്ടാല്‍ പാര്‍ട്ടി പിളര്‍ത്താനാണ് സി.പി.എം. നീക്കം. റോഷി അഗസ്റ്റിനും പ്രമോദ് നാരായണനുമായി സി.പി.എം. നേതൃത്വം ആശയവിനിമയം നടത്തി. 

ജോസ് കെ മാണി എല്‍ഡിഎഫില്‍ നില്‍ക്കുമെന്ന കാര്യത്തില്‍ സിപിഎം നേതൃത്വത്തിന് ഉറപ്പില്ല. നിലപാടില്‍ വ്യക്തത വരുത്താന്‍ ജോസുമായി  ഇനിയും ആശയവിനിമയം നടത്താന്‍ സിപിഎം നേതാക്കള്‍ക്ക് സാധിച്ചിട്ടില്ല. ഇടതുപക്ഷത്ത്  ഉറച്ചുനില്‍ക്കുമെന്ന ജോസിന്‍റെ നിലപാടില്‍ വിശ്വാസമര്‍പ്പിക്കാന്‍  പല സിപിഎം നേതാക്കളും തയ്യാറാല്ല.

അതേസമയം, സോണിയ ഗാന്ധി ജോസ് കെ മാണിയെ ഫോണിൽ വിളിച്ചെന്ന വാർത്തകൾ തള്ളി കോൺഗ്രസ് ദേശീയ നേതൃത്വം. സോണിയ ഗാന്ധി ഒരുതരത്തിലുള്ള ഇടപെടലും നടത്തിയിട്ടില്ല. സീറ്റുകളിൽ ഉപാധി വക്കാതെ വന്നാൽ ജോസ് കെ മാണിയെ സ്വീകരിക്കാം എന്നുമാണ് ഹൈക്കമാൻഡ് നിലപാട്. കേരള കോൺഗ്രസ് യു.ഡി.എഫിലേക്ക് വരാൻ തീരുമാനിച്ചാൽ കോൺഗ്രസ് തീരുമാനമെടുക്കുമെന്ന് കെ.സി വേണുഗോപാൽ പ്രതികരിച്ചു.

ജോസ് കെ മാണിയെ യുഡിഎഫിൽ എത്തിക്കാൻ സോണിയ ഗാന്ധി ഇടപെട്ടെന്ന റിപ്പോർട്ടുകളെ പൂർണ്ണമായി തള്ളുകയാണ് കോൺഗ്രസ് ദേശീയ നേതൃത്വം. കേരളമെന്നല്ല ഒരു സംസ്ഥാനത്തെയും തിരഞ്ഞെടുപ്പ് ചർച്ചകളിൽ സോണിയ ഗാന്ധി ഇടപെടാറില്ല. ഒരാഴ്ചയായി ആശുപത്രിയിലായിരുന്ന സോണിയാഗാന്ധി വസതിയിൽ എത്തിയ ശേഷവും പൂർണ്ണ വിശ്രമത്തിലാണ്. ഇക്കാര്യങ്ങളിലെല്ലാം സംസ്ഥാന നേതൃത്വമാണ് തീരുമാനമെടുത്ത് ഹൈക്കമാന്റിനെ അറിയിക്കേണ്ടത് എന്നുമാണ് ദേശീയ നേതൃത്വത്തിന്റെ പ്രതികരണം. സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും ഇക്കാര്യം ആവർത്തിച്ചു.

ENGLISH SUMMARY:

Minister V.N. Vasavan has reportedly spoken to Jose K. Mani amid speculation over Kerala Congress leaving the alliance. The CPI(M) leadership is said to have urged Jose K. Mani not to exit the LDF. Sources indicate the CPM is preparing decisive steps if Kerala Congress (M) switches fronts. The Congress High Command has denied reports of Sonia Gandhi’s intervention in the issue. Congress leaders say Jose K. Mani can be accommodated in the UDF without seat-sharing conditions. The political developments signal heightened alliance negotiations ahead of crucial elections.