തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം വാര്‍ഡ് എല്‍.ഡി.എഫില്‍ നിന്ന് പിടിച്ചെടുത്ത് യു.ഡി.എഫ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.എച്ച്. സുധീര്‍ഖാന്‍ 83 വോട്ടിന് ജയിച്ചതോടെ കോര്‍പ്പറേഷനില്‍ കേവലഭൂരിപക്ഷം തികയ്ക്കാമെന്ന ബി.ജെ.പി സ്വപ്നം പൊലിഞ്ഞു. ഇതോടെ യു.ഡി.എഫിന്‍റെ സീറ്റ് കഴിഞ്ഞ തവണത്തേക്കാള്‍ ഇരട്ടിയായി ഉയര്‍ന്നു.
ഭരണത്തില്‍ മാറ്റമൊന്നും വരുത്തില്ലങ്കിലും വിഴിഞ്ഞത്തേത് യു.ഡി.എഫിന് അഭിമാനവിജയമാണ്. എല്‍.ഡി.എഫിന്‍റെ സിറ്റിങ് വാര്‍ഡ് പിടിച്ചെടുത്തൂവെന്നതും ബി.ജെ.പിയുടെ വിജയമോഹം തല്ലിത്തകര്‍ത്തൂവെന്നതിലും അഭിമാനിക്കാം. സ്വതന്ത്രസ്ഥാനാര്‍ഥി വാഹനാപകടത്തില്‍ മരിച്ചതോടെയാണ് വിഴിഞ്ഞം വാര്‍ഡിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്. യു.ഡി.എഫിന്‍റെ കെ.എച്ച്.സുധീര്‍ഖാന്‍ 83 വോട്ടിന് ജയിച്ചപ്പോള്‍ എല്‍.ഡി.എഫിന്‍റെ എന്‍.നൗഷാദ് രണ്ടാമതും ബി.ജെ.പിയുടെ സര്‍വശക്തിപുരം ബിനു മൂന്നാമതുമായി.
101 വാര്‍ഡുള്ള കോര്‍പ്പറേഷനില്‍ 100 വാര്‍ഡിലെ ഫലം വന്നപ്പോള്‍ ബി.ജെ.പിക്ക് 50 സീറ്റായിരുന്നു. സ്വതന്ത്ര്യന്‍റെ പിന്തുണയോടെയാണ് 51 എന്ന കേവലഭൂരിപക്ഷം ഉറപ്പിച്ചത്. വിഴിഞ്ഞം ജയിച്ച് സ്വന്തം നിലയില്‍ ഭൂരിപക്ഷം ഉറപ്പിക്കാമെന്ന പ്രതീക്ഷയാണ് പൊലിഞ്ഞത്. ജയത്തോടെ യു.ഡി.എഫ് സീറ്റ് 20 ആയി. 2020ന്‍റെ ഇരട്ടി. എല്‍.ഡി.എഫ് സമീപകാല ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റായ 29ല് ഒതുങ്ങി.