ജോസ് കെ. മാണിയുടെ കേരള കോണ്‍ഗ്രസ് എമ്മിനെ മുന്നണിയിലെത്തിക്കാനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് യുഡിഎഫ്. പ്രതിപക്ഷനേതാവ് വി.ഡി.സതീശനും പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയും ജോസ് കെ. മാണിയുമായി സംസാരിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ വിസ്മയമുണ്ടാകുമെന്ന് വി.ഡി സതീശന്‍ പ്രതികരിച്ചു. എന്നാല്‍ മുന്നണി മാറ്റത്തില്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ എം.എല്‍.എമാര്‍ രണ്ടു തട്ടിലാണ്. എല്‍ഡിഎഫ് വിടുന്ന പ്രശ്നമില്ലെന്നും പ്രചരിക്കുന്നത് അഭ്യൂഹങ്ങളെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പ്രതികരിച്ചു. ചര്‍ച്ചകള്‍ക്ക് തുടക്കമായി എന്ന വാര്‍ത്ത മനോരമ ന്യൂസാണ് പുറത്തുവിട്ടത്. എന്നാല്‍ രാഷ്ട്രീയനിലപാടില്‍ മാറ്റമില്ലെന്ന് ജോസ് കെ.മാണി ഫെയ്സ്ബുക്കില്‍ കുറിച്ചു .
എല്‍ഡിഎഫിന്‍റെ മധ്യമേഖല ജാഥയുടെ ക്യാപ്റ്റനായി നിശ്ചയിച്ചിട്ടുള്ള ജോസ് കെ മാണി ജാഥ തുടങ്ങുമ്പോള്‍ യുഡിഎഫിലാകാനുള്ള സാധ്യതകള്‍ ബലപ്പെടുകയാണ്. എല്‍ഡിഎഫ് യോഗത്തില്‍ പങ്കെടുക്കാതെയും എല്‍ഡിഎഫിന്‍റെ സമരവേദികളിലെത്താതെയും മാറി നിന്ന ജോസ് കെ മാണിയുടെ അസാന്നിധ്യം യാഥൃശ്ചികമല്ലെന്ന് വ്യക്തമായി. എല്‍ഡിഎഫില്‍ നിന്ന് അകലം പാലിച്ച ജോസ് കെ മാണിയുടെ മുന്നണിമാറ്റത്തിനുള്ള ചര്‍ച്ചകള്‍ക്ക് യുഡിഎഫ് തന്നെയാണ് തുടക്കമിട്ടിരിക്കുന്നത്. 38 വര്‍ഷം ഒപ്പം നിന്ന സ്വന്തം തട്ടകത്തിലേക്ക് കേരള കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവരുന്നതിന് വി.ഡി സതീശനും പി.കെ കുഞ്ഞാലിക്കുട്ടിയുമാണ് ആശയവിനിമയം നടത്തിയത് . എത്ര സീറ്റുകള്‍ എന്നതു ഉള്‍പ്പടെ പ്രാഥമിക ഘട്ടത്തില്‍ ചര്‍ച്ചയായതാണ് വിവരം . ജോസ് കെ മാണി യുഡിഎഫിലേക്ക് എത്തുമെന്ന സൂചനകള്‍ നല്‍കുന്നതാണ് വി ഡി സതീശന്‍റെ വാക്കുകള്‍
അതേസമയം മുന്നണിമാറാനുള്ള നീക്കം കടുത്ത പ്രതിസന്ധിയാണ് കേരള കോണ്‍ഗ്രസ് എമ്മിലുണ്ടാക്കിയിരിക്കുന്നത്. മന്ത്രി റോഷി അഗസ്റ്റിനും റാന്നി എം.എല്‍എ പ്രമോദ് നാരായണനും എല്‍ഡിഎഫില്‍ തുടരുമെന്ന നിലപാട് ഫേസ്ബുക്കിലുടെ ആദ്യം പങ്കുവെച്ചു. തൊട്ടുപിന്നാലെ പരസ്യപ്രതികരണവുമായി റോഷി അഗസ്റ്റിന്‍ രംഗത്തെത്തി.
ജോസ് കെ മാണി എടുക്കുന്ന തീരുമാനത്തോട് ഒപ്പമെന്ന നിലപാടിലാണ് എം.എല്‍.എമാരായ എന്‍ ജയരാജ്, സെബാസ്റ്റിന്‍ കുളത്തുങ്കല്‍, ജോബ് മൈക്കിള്‍ എന്നിവര്‍. എം.എല്‍എമാര്‍ രണ്ടു തട്ടിലായതോടെ യുഡിഎഫ് പ്രവേശനത്തിന് മുന്‍പ് പാര്‍ട്ടി പിളരുമോ എന്ന സംശയവു ബലപ്പെടുകയാണ്. ദുബായിലുള്ള ജോസ് 15ന് കേരളത്തിലെത്തും. യുഡിഎഫ് നേതാക്കളുമായുള്ള ആശയവിനിമയം 16ന് ചേരുന്ന പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റിയില്‍ ജോസ് അറിയിക്കുമെന്നാണ് വിവരം.