കേരള കോൺഗ്രസ് എം മുന്നണി മാറ്റത്തിന് മുതിർന്നാൽ എൽഡിഎഫിലും യുഡിഎഫിലും ഒരുപോലെ പ്രതിസന്ധി സൃഷ്ടിക്കും. സീറ്റ് വിഭജനത്തിൽ പാളിച്ച ഉണ്ടാകുമെന്നാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് നിലപാട്. ക്രൈസ്തവ വോട്ടുകൾ നഷ്ടപ്പെടുന്നതും തദ്ദേശ സ്ഥാപനങ്ങളിലെ ഭരണപ്രതിസന്ധിയും എൽഡിഎഫിന് വെല്ലുവിളിയാകും. പതിനാറിന് കേരള കോൺഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗം കോട്ടയത്ത് ചേരും.
കേരള കോൺഗ്രസ് എമ്മിന്റെ യുഡിഎഫ് പ്രവേശനം രണ്ടുവർഷത്തിലധികമായി അന്തരീക്ഷത്തിൽ ഉള്ളതാണെങ്കിലും പലപ്പോഴും പാർട്ടി ചെയർമാൻ ജോസ് കെ മാണി നിഷേധിച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് എൽഡിഎഫ് വിടുമെന്നായിരുന്നു ആദ്യ പ്രചാരണം. തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിക്കു ശേഷം യുഡിഎഫിലെ ചില നേതാക്കളുടെ പ്രതികരണത്തിലൂടെ വീണ്ടും സജീവമായി ചർച്ചകൾ. എന്തു കാരണം പറഞ്ഞ് എൽഡിഎഫ് വിടുമെന്നതാണ് ജോസ് കെ മാണി നേരിടുന്ന പ്രധാന പ്രശ്നം.
സഭാ നേതൃത്വങ്ങളുടെ സമ്മർദം ജോസ് കെ മാണി നേരിടുന്നുണ്ടെങ്കിലും യുഡിഎഫിൽ എത്തിയാൽ മുന്നോട്ടുള്ള വഴികളിൽ ആശങ്ക ഏറെയുണ്ട്.എൽഡിഎഫ് നൽകിയ 12 സീറ്റുകളിലാണ് കേരള കോൺഗ്രസ് എം കഴിഞ്ഞ പ്രാവശ്യം മത്സരിച്ചത്. യുഡിഎഫിൽ എത്തിയാൽ ജോസ് കെ മാണിക്ക് എത്ര സീറ്റ് ലഭിക്കും.
പാലായിൽ പ്രചാരണം തുടങ്ങിയ മാണി സി കാപ്പൻ ജോസ് കെ മാണിക്ക് വേണ്ടി മാറിനിൽക്കാൻ തയ്യാറാകുമോയെന്നതും ചോദ്യം. ചോദിച്ചതെല്ലാം നൽകി കേരള കോൺഗ്രസ് എമ്മിനെ കൂടെ നിർത്താൻ സിപിഎമ്മും എൽഡിഎഫും പരമാവധി ശ്രമിച്ചതാണ്. ജോസ് കെ മാണി യുഡിഎഫിലേക്ക് പോയാൽ ഒരു വിഭാഗം ക്രൈസ്തവ വോട്ടുകൾ എൽഡിഎഫിന് നഷ്ടപ്പെടും. മാത്രമല്ല നിലവിൽ ഭരണം ലഭിച്ച പല തദ്ദേശസ്ഥാപനങ്ങളിലും അധികാരം നഷ്ടപ്പെടാൻ ഇടയാക്കും. പിജെ ജോസഫിന് ഒപ്പം ചേരണോ, യുഡിഎഫിൽ ഘടകകക്ഷിയായി നിൽക്കണോ എന്നതിലും കേരള കോൺഗ്രസ് എമ്മിന് വ്യക്തതയില്ല. പതിനാറിന് കോട്ടയത്ത് സ്റ്റിയറിങ് കമ്മിറ്റി ചേർന്ന് തീരുമാനമെടുക്കുമെന്നാണ് കേരള കോൺഗ്രസ് എം നേതാക്കൾ പങ്കുവെക്കുന്നത്. എന്നാൽ എല്ലാം ജോസ് കെ മാണി തീരുമാനിക്കുന്നതാണ് പതിവ് രീതി.