aisha-potty

മുന്‍ സി.പി.എം എംഎല്‍എ ഐഷാ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നു. സമരവേദിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം പങ്കെടുത്തു. മൂന്നുതവണ കൊട്ടാരക്കര എം.എല്‍.എയായിയിരുന്നു.  അഞ്ചുവര്‍ഷത്തോളമായി സി.പി.എമ്മുമായി അകല്‍ച്ചയിലാണ്. സജീവരാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു ഇവര്‍. നേരത്തെ സിപിഎം കൊട്ടാരക്കര ഏരിയ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയിരുന്നു

വരും ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ ആക്രമണം ഉറപ്പെന്നു ഐഷ പറഞ്ഞു. വര്‍ഗവഞ്ചക എന്ന പേരുള്‍പ്പെടെ ഇനി കേള്‍ക്കേണ്ടിവരും. മനുഷ്യര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനാണ് ഇഷ്ടം. സിപിഎം തന്നെ വളരെ വിഷമിപ്പിച്ചു. അധികാരമോഹിയല്ല. ഒരു പി.ആര്‍ വര്‍ക്കിനും പോയിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞ വര്‍ഷം കോൺഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി കലയപുരം ആശ്രയ സങ്കേതത്തിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ പ്രഭാഷണത്തിനെത്തിയിരുന്നു. അന്ന്  ഐഷപോറ്റിക്ക് വൻ സ്വീകരണമാണ് ലഭിച്ചത്.  സ്വാഗതം ആശംസിച്ച കോൺഗ്രസ് ഭാരവാഹി സി.എൻ.നന്ദകുമാർ ഇവരെ കോൺഗ്രസ് പ്രസ്ഥാനത്തിലേക്ക് സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ കോൺഗ്രസിൽ ചേരാനല്ല എത്തിയതെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അനുസ്മരിക്കാനാണെന്നായിരുന്നു അന്ന്  പറഞ്ഞത്. തുടര്‍ന്ന് ഇവര്‍ക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം നടന്നിരുന്നു. 

2006ൽ മുൻ മന്ത്രി ആർ.ബാലകൃഷ്ണപിള്ളയെ തോൽപിച്ചായിരുന്നു കൊട്ടാരക്കരയിൽ ഐഷ പോറ്റിയുടെ ആദ്യ ജയം. 2011, 2016 നിയമസഭാ തിരഞ്ഞെടുപ്പുകളിലും വിജയിച്ചു. എംഎൽഎ കാലാവധി കഴിഞ്ഞ ശേഷം പാർട്ടി കമ്മിറ്റികളിൽ നിന്നും പൊതുപരിപാടികളിൽ നിന്നും ഒഴിഞ്ഞു നിൽക്കുകയാണെന്നായിരുന്നു ഏരിയ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതിനു പാർട്ടി നേതൃത്വം നൽകിയ വിശദീകരണം. ആരോഗ്യ പ്രശ്നങ്ങൾ കാരണം കമ്മിറ്റികളിൽ പങ്കെടുക്കാൻ കഴിയുന്നില്ലെന്നു കാട്ടി കത്തു നൽകിയിരുന്നതായും ഇതും കണക്കിലെടുത്താണ് ഒഴിവാക്കിയതെന്നും പാർട്ടി നേതൃത്വം വിശദീകരിച്ചു. കൊട്ടാരക്കര ഏരിയ സമ്മേളനത്തിലും പങ്കെടുക്കാറില്ലായിരുന്നു. പാർട്ടി നേതൃത്വവുമായുള്ള ഭിന്നത കാരണം മനഃപൂർവം വിട്ടു നിൽക്കുകയാണെന്നായിരുന്നു പ്രചാരണം. 

ENGLISH SUMMARY:

Aisha Potty joins Congress after distancing from CPM. The former CPM MLA participated in a protest alongside Congress leaders, marking a significant shift in her political allegiance.