ബലാത്സംഗക്കേസുകളിൽ കുടുങ്ങി റിമാൻഡിലായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയും വടകര എംപി ഷാഫി പറമ്പിലിനെതിരെയും രൂക്ഷവിമർശനവുമായി യൂത്ത് കോണ്‍ഗ്രസ് വിട്ട് ഡിവൈഎഫ്ഐയിലെത്തിയ എ.കെ. ഷാനിബ്. രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് എത്തിനിൽക്കുന്ന ക്രിമിനൽ പശ്ചാത്തലത്തിന് കാരണം ഷാഫി പറമ്പിലിന്റെ അന്ധമായ പിന്തുണയും അധാർമ്മികമായ ഇടപെടലുകളുമാണെന്ന് ഷാനിബ് ആരോപിച്ചു.
സ്ത്രീകളോട് ഏറ്റവും അറപ്പുളവാക്കുന്ന രീതിയിൽ പെരുമാറുന്ന ഒരു ക്രിമിനലിന് വേണ്ടി ഉമ്മൻചാണ്ടിയെ പോലും അവഗണിച്ച് ശക്തമായി നിന്നയാളാണ് ഷാഫി പറമ്പിൽ എംപിയെന്ന് എ കെ ഷാനിബ് പറയുന്നു . ഉമ്മൻ ചാണ്ടിയെ അവഗണിച്ച് രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആക്കാനും പാലക്കാട് എംഎൽഎ ആക്കാനും ഒക്കെ മുന്നിൽ നിന്നത് വടകര എംപി ഷാഫിയാണെന്ന് ഷാനിബ് ഫെയ്സ്ബുക്കിൽ കുറിച്ചു.
എല്ലാം പുറത്ത് വന്നതിന് ശേഷവും ആ ക്രിമിനലിന് വേണ്ടി കെപിസിസി ജനറൽ സെക്രട്ടറിയുടെ വീട്ടിൽ ഗ്രൂപ്പ് യോഗം ചേർന്നയാളാണ് ഷാഫി പറമ്പിൽ. ഈ നിമിഷം വരെ തനിക്ക് തെറ്റ് പറ്റിയെന്നോ അയാളെ മനസ്സിലാക്കാൻ കഴിയാതെ പോയി എന്നോ പറയാൻ ഷാഫി തയ്യാറായിട്ടില്ല. നിരവധി പെൺകുട്ടികൾ ഇപ്പോഴും ഡോസ് കൂടിയ മരുന്ന് കഴിച്ചിട്ടാണ് ഒന്ന് ഉറങ്ങുന്നത് പോലും. ഈ ഒരൊറ്റ ക്രിമിനൽ കാരണം ഇപ്പോഴും മനോരോഗ വിദഗ്ധന്റെ ചികിത്സയിൽ കഴിയുന്ന പെൺകുട്ടികളേറെയാണെന്നും ഷാനിബ് കുറിപ്പിൽ പറയുന്നു.
യൂത്ത് കോൺഗ്രസിൽ ജനാധിപത്യപരമായ തിരഞ്ഞെടുപ്പിലൂടെ ഭാരവാഹികൾ വന്നിരുന്ന കാലത്ത്, നിയമങ്ങളെല്ലാം കാറ്റിൽ പറത്തി ഷാഫി പറമ്പിലിന്റെ താല്പര്യപ്രകാരം രാഹുലിനെ നേരിട്ട് സംസ്ഥാന ജനറൽ സെക്രട്ടറിയാക്കുകയായിരുന്നു. അന്ന് മുതൽ ഈ അനീതിക്കെതിരെ സംഘടനയ്ക്കുള്ളിൽ തങ്ങൾ ശബ്ദമുയർത്തിയിരുന്നു. സ്ത്രീകളെ രാഹുൽ ദുരുപയോഗം ചെയ്യുന്ന വിവരം ഷാഫിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നിഷേധാത്മകമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചതെന്നും ഷാനിബ് വെളിപ്പെടുത്തി.