ഗുരുതര ആരോപണങ്ങളും ലൈംഗിക വൈകൃതങ്ങളും സൂചിപ്പിക്കുന്ന മൂന്ന് പരാതികളാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്നത്. വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് ബന്ധം സ്ഥാപിക്കുകയും പിന്നീട് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം ഭീഷണിപ്പെടുത്തി ഭ്രൂണഹത്യ നടത്തുന്നതാണ് രാഹുലിന്‍റെ പതിവ് രീതിയെന്ന് തോന്നിപ്പിക്കുന്നതാണ് പരാതികളുടെ ഉള്ളടക്കം. എന്നാല്‍ ആദ്യ രണ്ട് കേസിലും കോടതി അനുകൂല നിലപാടെടുത്തതോടെ ഒളിവ് ജീവിതം അവസാനിപ്പിച്ച് രാഹുല്‍ രാഷ്ട്രീയരംഗത്ത് വീണ്ടും സജീവമാകാന്‍ ശ്രമിക്കുന്നതിനിടെയാണ് മൂന്നാം പരാതിയും അറസ്റ്റും.
രാഹുലിന്‍റെ പേര് പറയാതെ അശരീരിയായിയിരുന്നു ആക്ഷേപങ്ങളുടെ തുടക്കം. അപ്പോളാണ് കഴിഞ്ഞ വര്‍ഷത്തെ രാഹുലിന്‍റെ വൈറല്‍ ചോദ്യം. പക്ഷെ യുവനടി റിനി പേര് പറഞ്ഞ് രംഗത്തെത്തിയതോടെ കെയര്‍ ചെയ്യാതിരിക്കാന്‍ രാഹുലിനും കോണ്‍ഗ്രസിനുമായില്ല. ഓഗസ്ത് 21ന് ആദ്യ പ്രഹരം, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം തെറിച്ചു. പിന്നാലെ കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഷന്‍. എന്നിട്ടും നിയമസഭയിലെത്തി കോണ്‍ഗ്രസിനോടും സര്‍ക്കാരിനോടും രാഹുലിന്‍റെ വെല്ലുവിളി.
പക്ഷെ നവംബര്‍ 27ന് തിരുവനന്തപുരം സ്വദേശിനിയുടെ പരാതി മുഖ്യമന്ത്രിക്ക് ലഭിച്ചതോടെ കാര്യങ്ങള്‍ കൈവിട്ടുപോയി. എം.എല്‍.എയായ ശേഷം, 2025 മാര്‍ച്ച്–മെയ് മാസങ്ങളിലായി പലതവണ പീഡിപ്പിച്ചെന്നും അങ്ങിനെ ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിത ഭ്രൂണഹത്യക്ക് വിധേയമാക്കിയെന്നുമായിരുന്നു പരാതി. കേസെടുക്കും മുന്‍പ് തന്നെ ഒളിവില്‍ പോയ രാഹുലിനെതിരെ ഡിസംബര്‍ 2ന് അടുത്ത പരാതിയും വന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവായിരിക്കെ 2023 ഡിസംബറില്‍ 23 കാരിയായ വിദ്യാര്‍ഥിനിയെ റിസോര്‍ട്ടിലെത്തിച്ച് ക്രൂരമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. അതായത് വര്‍ഷങ്ങളായി സമാനകുറ്റം രാഹുല്‍ ആവര്‍ത്തിക്കുന്നതായി തെളിഞ്ഞു. അതോടെ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്. പക്ഷെ കോടതികള്‍ അറസ്റ്റ് തടഞ്ഞതോടെ തദേശതിരഞ്ഞെടുപ്പ് ദിവസം ഒളിവില്‍ നിന്ന് പൊങ്ങിയ രാഹുല്‍ പാലക്കാടെത്തി വോട്ട് ചെയ്തു.
മന്നം ജയന്തിക്ക് എന്‍.എസ്.എസ് ആസ്ഥാനത്ത് വരെയെത്തി സജീവമെന്ന് കാണിക്കാന്‍ ശ്രമിച്ചു. പാലക്കാട് വീണ്ടും രാഹുല്‍ മല്‍സരിച്ചേക്കുമെന്ന ചര്‍ച്ചകള്‍ പോലും പതുക്കെ തുടങ്ങി. സോഷ്യല്‍ മീഡിയയുടെ പിന്തുണ ഇപ്പോഴും കിട്ടുന്ന രാഹുല്‍ ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രിയുടെ അറസ്റ്റ് ചര്‍ച്ചയായ ഇന്നലെ നൂറണി അയ്യപ്പ ക്ഷേത്രത്തിലെ ഫോട്ടോയിട്ട് അവസരം മുതലാക്കാനുള്ള പതിവ് തന്ത്രങ്ങള്‍ തുടര്‍ന്നു. അതിനിടെയാണ് അതിരഹസ്യനീക്കത്തില്‍ രാഹുലിന്‍റെ അപ്രതീക്ഷിത അറസ്റ്റ്.