TOPICS COVERED

ദേവികുളം മുൻ എം എൽ എ എസ്.രാജേന്ദ്രന്‍റെ ബി.ജെ.പിയിലേക്കുള്ള പോക്ക് തിരഞ്ഞെടുപ്പ് കാലത്ത് തിരിച്ചടിയാകാതിരിക്കാൻ പ്രതിരോധമാർഗം തേടി സി.പി.എം. നിലവിൽ പാർട്ടി മെമ്പർഷിപ്പില്ലെന്ന് പറഞ്ഞ് രാജേന്ദ്രനെ തള്ളിക്കളയാനാണ് നേതൃത്വത്തിലെ ധാരണ. എന്നാൽ തുടർച്ചയായി 15 വർഷം സി.പി.എം എം.എൽ.എ ആയിരുന്ന രാജേന്ദ്രൻ കാവിക്കൊടി പിടിക്കുന്നതുണ്ടാക്കുന്ന തിരിച്ചടി മറികടക്കാൻ ഈ ന്യായീകരണം കൊണ്ടാകുമോ എന്ന് കണ്ടറിയണം.

സംഘടനാ നടപടി നേരിട്ട രാജേന്ദ്രനെ പാർട്ടിയിൽ തിരിച്ചെത്തിക്കാൻ സിപിഎം സംസ്ഥാന നേതൃത്വം നേരിട്ടിറങ്ങിയിട്ടും കഴിഞ്ഞിരുന്നില്ല. സിപിഎമ്മിലേക്ക് ഇല്ലെന്നായിരുന്നു രാജേന്ദ്രന്റെ തീരുമാനം. കാലങ്ങളായുള്ള ചർച്ചകൾ ഫലം കാണാതെ വന്നതോടെയാണ് ബിജെപി യിലേക്കുള്ള രാജേന്ദ്രന്റെ കൂടുമാറ്റം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ദേവികുളത്ത് എൽ ഡി എഫ് സ്ഥാനാർത്ഥി എ രാജയെ പരാജയപ്പെടുത്താൻ ശ്രമിച്ചെന്ന് കണ്ടെത്തിയതോടെയാണ് സിപിഎം രാജേന്ദ്രനെ സസ്പെൻഡ് ചെയ്തത്. ഇതിന് പിന്നാലെ സിപിഎം ജില്ലാ നേതൃത്വം തന്നെ പുറത്താക്കാൻ പദ്ധതി ഒരുക്കിയെന്ന് രാജേന്ദ്രൻ രൂക്ഷവിമർശനം നടത്തി. രാജേന്ദ്രനെ പാലയത്തിലെത്തിക്കാനുള്ള ബിജെപിയുടെ നീക്കത്തിന് തടയിടാൻ ജില്ലാ നേതൃത്വം ശ്രമിച്ചിരുന്നു. എന്നാൽ സസ്പെൻഷൻ കാലാവധി കഴിഞ്ഞിട്ടും പാർട്ടി മെമ്പർഷിപ്പ് പുതുക്കുന്നില്ലെന്ന നിലപാടിൽ രാജേന്ദ്രൻ ഉറച്ചുനിന്നു. അടുത്ത മാസം മൂന്നാറിൽ നടക്കുന്ന യോഗത്തിൽ രാജേന്ദ്രൻ ബിജെപി അംഗത്വമെടുക്കും. ജില്ലയുടെ വികസനം കണക്കിലെടുത്താണ് തീരുമാനമെന്നും തിരഞ്ഞെടുപ്പിൽ ദേവികുളത്ത് മത്സരിക്കാൻ ഇല്ലെന്നുമാണ് രാജേന്ദ്രന്റെ തീരുമാനം. തോട്ടം മേഖലയിൽ ചുവടുറപ്പിക്കാൻ സാധിക്കുമെന്നാണ് രാജേന്ദ്രന്റെ വരവോടെ ബിജെപിയുടെ പ്രതീക്ഷ

ENGLISH SUMMARY:

S Rajendran's move to BJP creates a challenge for CPM. The CPM is strategizing to mitigate the potential setback from S. Rajendran's move to the BJP, emphasizing his lack of current party membership.