സംസ്ഥാന സർക്കാരും പാർട്ടിയും നൽകിയ 'ഇടതു നിരീക്ഷകൻ' എന്ന പദവി താന്‍ രാജിവെച്ചതായി അഡ്വ. ബി.എൻ.ഹസ്‌കർ. മനോരമ ന്യൂസ് കൗണ്ടര്‍ പോയിന്‍റില്‍ വെള്ളാപ്പള്ളി– മുഖ്യമന്ത്രി കാര്‍യാത്രയെ വിമര്‍ശിച്ചതിന് സിപിഎം മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഹസ്കറിന്‍റെ പരിഹാസം. ഇനി മുതല്‍ രാഷ്ട്രീയ നിരീക്ഷകനായി മാറിയതായും ഹസ്കര്‍ കുറിച്ചു.
ഇതുവരെ വാങ്ങിയ ശമ്പളവും, മറ്റു ആനുകൂല്യങ്ങളും ഖജനാവിലേക്ക് തിരിച്ചടച്ചെന്നും പോസ്റ്റില്‍ പരിഹാസമുണ്ട്. ചാനൽ ചർച്ചകളിലെ മണിക്കൂറുകൾ നീളുന്ന അധ്വാനം ഒരു രാഷ്ട്രീയ പ്രവർത്തനമാണെന്ന് കരുതുന്നതുകൊണ്ട് ഞാൻ ഇനി മുതൽ ‘രാഷ്ട്രീയ നിരീക്ഷകൻ’. മുന്നറിയിപ്പില്‍ പേടിച്ചുപോയെന്നും പറഞ്ഞേക്കാനും ഫെയ്സ്ബുക്ക് പോസ്റ്റില്‍ ഹസ്കര്‍ കുറിച്ചു.
പാർട്ടിയെ പ്രതിരോധത്തിലാക്കും വിധം ഇനി ചാനൽ ചർച്ചകളിൽ പ്രതികരിക്കരുതെന്നായിരുന്നു ഹസ്കറിന് സിപിഎം നല്‍കിയ മുന്നറിയിപ്പ്. അതേസമയം, പറഞ്ഞത് സിപിഎം കേന്ദ്ര കമ്മിറ്റിയുടെ നിലപാടെന്നും തന്റെ നിലപാടില്‍ മാറ്റമില്ലെന്നും ഹസ്കര്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചിരുന്നു. പാര്‍ട്ടി ലൈനില്‍ പോകണമെന്ന് നേതൃത്വം ആവശ്യപ്പെട്ടെന്നും ഹസ്കര്‍ സമ്മതിച്ചു.
ആഗോള അയ്യപ്പസംഗമത്തിന് പിണറായി വിജയനും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മുഖ്യമന്ത്രിയുടെ കാറില്‍ ഒന്നിച്ചെത്തിയത് രാഷ്ട്രീയ കേരളത്തില്‍ ചര്‍ച്ചയായിരുന്നു. സിപിഐയില്‍ നിന്നും പോലും പാര്‍ട്ടിയ്ക്കു വിമര്‍ശനം നേരിടേണ്ടി വന്നു. ബിനോയ് വിശ്വം അല്ല പിണറായി വിജയൻ എന്നായിരുന്നു ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ മറുപടി.