വെനസ്വേലയിലെ യു.എസ്.ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ചു. അമേരിക്കയുടേത് നികൃഷ്ടമായ കടന്നുകയറ്റമാണ് നാളെ ഏതു രാജ്യത്തും ഇതുസംഭവിക്കാം, കേന്ദ്രസര്‍ക്കാര്‍ അമേരിക്കയ്ക്ക് വിധേയമായി നില്‍ക്കുകയാണെന്നും പിണറായി പറഞ്ഞു. അമേരിക്കയുടെ നടപടിക്കെതിരെ ശബ്ദമുയരണം. അമേരിക്കൻ നടപടിയിലെ കേന്ദ്ര സർക്കാരിന്‍റെ മൗനത്തേയും മുഖ്യമന്ത്രി വിമർശിച്ചു.
അമേരിക്കന്‍ സാമ്രാജ്യത്വം ലോകത്ത് ആകെ നടത്തുന്ന സൈനിക കടന്നു കയറ്റങ്ങളുടെ ചരിത്രം മനുഷ്യക്കുരുതിയുടേതാണ്. വിയറ്റ്നാം മുതല്‍ ഇറാഖ് വരെയും സിറിയ മുതല്‍ ലിബിയവരെയും ലാറ്റിന്‍ അമേരിക്ക ആകെയും ആ രക്തം ചിതറി കിടക്കുന്നു. തങ്ങളുടെ സാമ്പത്തികരാഷ്ട്രീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ലക്ഷക്കണക്കിന് നിരപരാധികളെ അമേരിക്ക കൊന്നൊടുക്കി. അധിനിവേശ താല്‍പര്യങ്ങള്‍ക്കായി ആണവായുധങ്ങളും രാസായുധങ്ങളും വരെ പ്രയോഗിച്ചു. ആ ക്രൂരത ജപ്പാനിലെയും വിയറ്റ്നാമിലെയും വരും തലമുറകളെ പോലുംവേട്ടയാടുന്നതാണ്. ഇറാക്കിലും സിറിയയിലും അമേരിക്ക വിതച്ച വിനാശങ്ങള്‍ ആ രാജ്യങ്ങളെ ദശാബ്ദങ്ങള്‍ പിന്നോട്ട് അടിപ്പിച്ചു. അത് പശ്ചിമേഷ്യയില്‍ ആകെ അസ്ഥിരത പടര്‍ത്തി. അന്താരാഷ്ട്ര നിയമങ്ങളെയും മനുഷ്യാവകാശങ്ങളെയും വെല്ലുവിളിച്ച് തങ്ങള്‍ ആഗ്രഹിക്കുന്ന ഭരണമാറ്റം അടിച്ചേല്‍പ്പിക്കാന്‍ രാഷ്ട്രങ്ങള്‍ക്കുമേല്‍ അമേരിക്ക ക്രൂരമായ ആക്രമണം നടത്തുന്നതിന് മടിക്കുന്നില്ല. ഏറ്റവും ഒടുവില്‍ വെനിസ്വേലയില്‍ കണ്ടത് അതുതന്നെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആസൂത്രണബോര്‍ഡുകള്‍ നിര്‍ത്തലാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം തെറ്റാണ്. കേരളം ഇതിനെതിരെ നിലപാടെടുത്തു. സംസ്ഥാന നിലപാട് ശരിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആസൂത്രണ പ്രക്രിയയ്ക്ക് നല്‍കുന്ന പ്രാധാന്യം കൂടുതല്‍ ശക്തിപ്പെടുത്തിക്കൊണ്ട് കേരളം വികസന പാതയില്‍ മുന്നോട്ട് പോകും. ഈ മുന്നേറ്റം കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളിലെ പ്രവർത്തനത്തിലും പ്രതിഫലിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് സർക്കാരിന് കീഴില്‍ തകര്‍ന്നടിഞ്ഞതാണ് പൊതുമേഖല സ്ഥാപനങ്ങൾ. അവയെ സ്വകാര്യ മേഖലയ്ക്ക് വിറ്റഴിക്കാൻ കേന്ദ്ര സർക്കാര്‍ ശ്രമിച്ചപ്പോൾ അതിന് പ്രതിരോധം തീർക്കുകയാണ് കേരള സർക്കാർ ചെയ്തതെന്നും പിണറായി പറഞ്ഞു.
ജസ്റ്റിസ്. ജെ.ബി.കോശി കമ്മിഷന്റെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതില്‍ സാധ്യമായത് എല്ലാം ചെയ്തെന്ന് മുഖ്യമന്ത്രി. 220 ശുപാര്‍ശകള്‍ നടപ്പാക്കി. ബാക്കിയുള്ളവയില്‍ ആശയക്കുഴപ്പം മാറ്റാന്‍ ഫെബ്രുവരി 6ന് യോഗം ചേരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണാ ജനകമായ വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കിയതിലെ പുരോഗതി ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. കമ്മീഷന്‍ സമര്‍പ്പിച്ച 284 ശുപാര്‍ശകളും 45 ഉപശുപാര്‍ശകളുമാണ് സംസ്ഥാന സര്‍ക്കാര്‍ പരിഗണിച്ചത്. 17 വകുപ്പുകള്‍ പൂര്‍ണമായി ശിപാര്‍ശ നടപ്പിലാക്കുകയും 220 ശുപാര്‍ശകളിലും ഉപശുപാര്‍ശകളിലും നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.