ഇടതുനിരീക്ഷകനും സംവാദകനുമായ റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റുമായി മറ്റൊരു ഇടത് നിരീക്ഷകനായ പ്രേംകുമാർ. അനൗദ്യോഗിക ദുഃഖാചരണത്തിന്റെ ഭാഗമായി മൂന്നു ദിവസത്തേക്ക് ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നതല്ലെന്ന് പരിഹാസ രൂപേണ അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
'റെജി ലൂക്കോസ് പാർട്ടി മെംബറായിരുന്നു എന്നാണ് അയാൾ പറയുന്നത്. റെജി ലൂക്കോസ് പാർട്ടി മെംബറല്ല എന്ന് സഖാവ് കെ അനിൽ കുമാർ വിശദീകരിക്കുന്നുണ്ട്. അഡ്വ. ബി.എൻ. ഹസ്‌കർ പാർട്ടി മെമ്പറാണ് എന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്. ക്ലാരിറ്റിക്ക് വേണ്ടി പറഞ്ഞെന്നു മാത്രം'.- പ്രേംകുമാർ കുറിച്ചു.
'കർശന മെംബർഷിപ്പ് സംവിധാനങ്ങളുള്ള കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ കാര്യത്തിൽ സ്വാഭാവികമായും മെംബർമാരേക്കാൾ എത്രയോ മടങ്ങാണ് അനുയായികൾ/സഹയാത്രികർ. അനുയായി എന്നതും സഹയാത്രിക(ൻ) എന്നതും സമാനപദങ്ങൾ തന്നെയാണല്ലോ. പൊതുപരിപാടികളിലും സോഷ്യൽ മീഡിയയിലും ഇടതുപക്ഷത്തിനുവേണ്ടി ഇടപെടുന്നവരിലും മഹാഭൂരിപക്ഷം മെംബർമാരല്ലാത്ത അനുയായികളോ/സഹയാത്രികരോ തന്നെയാണ്.
എന്നാൽ, ചാനലുകളിൽ പ്രത്യക്ഷപ്പെടുന്നവരുടെ കാര്യത്തിൽ മാത്രമാണ് ഈ പേരെഴുതിവെയ്ക്കൽ പരിപാടി. അവിടെ നടക്കുന്നത് ഒരു ഷോ തന്നെയാണ്. ന്യൂസ് ഷോ. നന്നായി രാഷ്ട്രീയമറിയുന്നവരേക്കാൾ ന്യൂസ് ഷോയുടെ വ്യാകരണത്തിനനുസരിച്ച് സംസാരിക്കാൻ പറ്റുന്നവരെയാണ് അവർ വിളിക്കുന്നത്.
പൊളിറ്റിക്കൽ ക്ലാരിറ്റിയോ എക്സ്പീരിയൻസോ ഒന്നുമല്ല ഞാനടക്കമുള്ളവരുടെ കാര്യത്തിൽ ഈ വിളിയുടെ കാര്യം. എന്തായാലും,
അനൗദ്യോഗിക ദുഃഖാചരണത്തിന്റെ ഭാഗമായി മൂന്നു ദിവസത്തേക്ക് ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നതല്ല. ചെന്നൈയിലേക്ക് ചെറിയൊരു സഹയാത്രയിലാണ്'. - പ്രേംകുമാർ വ്യക്തമാക്കുന്നു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് റെജി ലൂക്കോസിനെ ഷാളണിയിച്ച് സ്വീകരിച്ചത്. ഇനി ബിജെപിക്കൊപ്പമെന്നും ബിജെപിയുടെ ശബ്ദമായി പ്രവര്‍ത്തിക്കുമെന്നും റെജി ലൂക്കോസ് പറഞ്ഞു. ബിജെപിയുടെ വളര്‍ച്ച ഗംഭീരമായിരിക്കും. സിപിഎം മെമ്പർഷിപ്പ് ഉപേക്ഷിച്ചു. 35 വർഷം ഇടത് പക്ഷത്തിനൊപ്പം പ്രവർത്തിച്ചു. ടെലിവിഷനുകളിൽ ഇടത് പക്ഷത്തിനായി സംവദിച്ചു. ഇനി ബിജെപിയുടെ ആശയത്തോടൊപ്പം പ്രവർത്തിക്കും. ഇനിയും ബിജെപിയിലേക്ക് ഒഴുക്ക് ഉണ്ടാകും. സിപിഎം വർഗീയ വിഭജനത്തിന് ശ്രമിക്കുന്നെന്നും വാര്‍ത്താസമ്മേളനത്തില്‍ റെജി ലൂക്കോസ് പറഞ്ഞു.