ബിജെപിയിൽ ചേർന്ന ഇടത് സഹയാത്രികൻ റെജി ലൂക്കോസിനെ പരിഹസിച്ച് സംവിധായകനും നടനുമായ ജോയ് മാത്യു. ഇയാളും ഇയാളെ പോലെയുള്ളവരും ചാനലിൽ ഇരുന്നു വിമർശനങ്ങളെ നേരിട്ട രീതി കൊണ്ടാണ് കേരളത്തിൽ ഇന്ന് സിപിഎമ്മിന് ഇത്രയധികം ശത്രുക്കൾ ഉണ്ടായതെന്ന് ജോയ് മാത്യു പറയുന്നു.
ഭരണത്തിൽ ഉള്ള പാർട്ടിയുടെ മുതലാളിയുടെ മുഖം രക്ഷിക്കാൻ എന്തു ന്യായീകരണവും നിരത്തുന്നതാണ് പാർട്ടി പ്രവർത്തനം എന്ന് ആത്മാർത്ഥമായി പലരും കരുതിയിരുന്നു. അവരിൽ നിന്നും മാതൃക ഉൾക്കൊണ്ട് ഏതാണ്ട് അഞ്ച് വർഷത്തോളം കേരളത്തിലെ ചാനലുകളിൽ സിപിഎമ്മിന്റെ മുഖമായിരുന്നു ഇന്ന് ബിജെപി ചേർന്ന റെജി ലൂക്കോസെന്ന് ജോയ് മാത്യു തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.
'ജോയ് മാത്യു എന്ന പ്രാഞ്ചിക്ക് ഒരു സീറ്റ് വേണം' എന്ന തലക്കെട്ടോടെയുള്ള റെജി ലൂക്കോസിന്റെ പഴയ വീഡിയോയുടെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ടാണ് ജോയ് മാത്യുവിന്റെ പ്രതികരണം. ഈ മഹാത്മാവിനെ ഏറ്റുവാങ്ങിയ ആർഷഭാരത പാർട്ടിക്ക് എല്ലാവിധ ആശംസകളും. ഒപ്പം അല്പം വൈകിയെങ്കിലും രക്ഷപ്പെട്ട സിപിഎമ്മിനും എന്നും നടൻ കൂട്ടിച്ചേർത്തു.
ജോയ് മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
ഞാൻ പ്രാഞ്ചിയാണെന്ന് പറഞ്ഞയാൾ ഇപ്പോൾ .....ഞ്ചിച്ചത് ആരെയാണ്?
ഭരണത്തിൽ ഉള്ള പാർട്ടിയുടെ മുതലാളിയുടെ മുഖം രക്ഷിക്കാൻ എന്തു ന്യായീകരണവും നിരത്തുന്നതാണ് പാർട്ടി പ്രവർത്തനം എന്ന് ആത്മാർത്ഥമായി പലരും കരുതിയിരുന്നു.
അവരിൽ നിന്നും മാതൃക ഉൾക്കൊണ്ട് ഏതാണ്ട് അഞ്ച് വർഷത്തോളം കേരളത്തിലെ ചാനലുകളിൽ സിപിഎമ്മിന്റെ മുഖമായിരുന്നു ഇന്ന്
ബിജെപി ചേർന്ന ...ഞ്ചി ലൂക്കോസ്.
ഇയാളും ഇയാളെ പോലെയുള്ളവരും ചാനലിൽ ഇരുന്നു വിമർശനങ്ങളെ നേരിട്ട രീതി കൊണ്ടാണ് കേരളത്തിൽ ഇന്ന് സിപിഎമ്മിന് ഇത്രയധികം ശത്രുക്കൾ ഉണ്ടായതെന്ന് നിസ്സംശയം പറയാം.
ഈ മഹാത്മാവിനെ ഏറ്റുവാങ്ങിയ ആർഷഭാരത പാർട്ടിക്ക് എല്ലാവിധ ആശംസകളും.
ഒപ്പം അല്പം വൈകിയെങ്കിലും രക്ഷപ്പെട്ട സിപിഎമ്മിനും.