ഇരവിപുരത്തെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് എന്‍.കെ.പ്രേമചന്ദ്രന്‍റെ മകന്‍ കാര്‍ത്തികിന്‍റെ പേരും. ആര്‍.എസ്.പി നേതാക്കള്‍ക്കൊപ്പമാണ് കാര്‍ത്തികിന്‍റെ പേരുമെത്തുന്നത്. സമൂഹമാധ്യമങ്ങളില്‍ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ വന്നതോടെ അതിരു കടന്നാല്‍ നടപടിയെന്നു സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണ്‍.
കെ.മുരളീധരന്‍ മുതല്‍ ചാണ്ടി ഉമ്മന്‍ വരെ , മക്കള്‍ രാഷ്ട്രീയത്തിന്‍റെ തുടര്‍ച്ചയാകുമോ എന്‍.കെ.പ്രേമചന്ദ്രന്‍റെ മകന്‍ കാര്‍ത്തിക് പ്രേമചന്ദ്രന്‍. ഇരവിപുരം സീറ്റില്‍ മറ്റ് ആര്‍.എസ്.പി നേതാക്കള്‍ക്കൊപ്പമാണ് കാര്‍ത്തികിന്‍റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നത്. അങ്ങനെയൊന്നുമില്ലെന്നു ആര്‍.എസ്.പി നേതാക്കള്‍ പറയുമ്പോലും യുവ മുഖമാണെങ്കില്‍ കാര്‍ത്തികായിരിക്കുമെന്നാണ് ഒരു വിഭാഗം പറയുന്നത്. സ്വകാര്യ എന്‍ജിനിയറങ്ങ് കോളജിലെ അധ്യാപകനാണ് കാര്‍ത്തിക് . ഇത്തവണ വലിയ ഭൂരിപക്ഷത്തില്‍ കൊല്ലം കോര്‍പറേഷനില്‍ ജയിച്ച എം.എസ്.ഗോപകുമാര്‍, ആര്‍.എസ്.പി ഇരവിപുരം മണ്ഡലം സെക്രട്ടറി എന്‍.നൗഷാദ് തുടങ്ങിയ പേരുകളും സജീവ ചര്‍ച്ചയാണ്. മുതിര്‍ന്ന ഐ.എ.എസ്.ഉദ്യോഗസ്ഥനോട് സ്ഥാനാര്‍ഥിയാകാമോയെന്നാരാഞ്ഞെങ്കിലും സര്‍വീസില്‍ നിന്നു രാജിവെയ്ക്കാനില്ലെന്നു അദ്ദേഹം അറിയിച്ചു. കാര്‍ത്തികിന്‍റെ പേരുയര്‍ന്നു വന്നതിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ വന്നതോടെയാണ് അച്ചടക്കത്തിന്‍റെ വാളോങ്ങിയത് .
സംസ്ഥാന രുപീകരണത്തിനുശേഷം ആദ്യമായി മയ്യനാട് പഞ്ചായത്തും കോര്‍പറേഷനിലെ കൂടുതല്‍ ഡിവിഷനുകളും പിടിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. കഴിഞ്ഞ തവണ സിറ്റിങ്ങ് എം.എല്‍.എ എം.നൗഷാദ് ബാബു ദിവാകരനെ തോല്‍പിച്ചത് 28121 വോട്ടിനാണ്. ആര്‍.എസ്.പി യുഡിഎഫിലേക്ക് വന്നതിനുശേഷം ഇരവി പുരത്ത് വിജയിച്ചിട്ടില്ല.