പട്ടാമ്പി സീറ്റ് ലീഗിന് നൽകുന്നതിൽ കോൺഗ്രസ് നേതൃയോഗത്തിൽ എതിർപ്പുയർന്നതോടെ സമ്മർദ്ദം ചെലുത്താൻ മുസ്ലിംലീഗ്. സീറ്റ് വെച്ചുമാറൽ ചർച്ച സജീവമാക്കി. അതേസമയം ജയസാധ്യതയുള്ള മറ്റൊരു സീറ്റ് അനുവദിക്കുകയാണെങ്കിൽ നെന്മാറ വെച്ചുമാറാൻ തയ്യാറെന്ന് സി.എം.പി അറിയിച്ചു.
വിജയ സാധ്യതയെന്ന് യു.ഡി.എഫ് വിലയിരുത്തുന്ന നെന്മാറ, പട്ടാമ്പി മണ്ഡലങ്ങളെ ചൊല്ലി മുന്നണിക്കുള്ളിലെ ചർച്ചക്ക് ചൂടുപിടിച്ചിട്ടുണ്ട്. പട്ടാമ്പി മണ്ഡലം ലീഗിന് നൽകി ലീഗിന്റെ കോങ്ങാട് മണ്ഡലം ഏറ്റെടുക്കാനുള്ള നീക്കത്തിനു ഇന്നലെ പാലക്കാട് വെച്ച് ചേർന്ന കോൺഗ്രസ് നേതൃയോഗത്തിൽ എതിർപ്പ് ഉയർന്നിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനം മുൻനിർത്തി സീറ്റ് വെച്ചു മാറണമെന്ന കാര്യത്തിൽ ലീഗ് തുടർന്നും സമ്മർദ്ദം ചെലുത്തും. വലിയ ഭൂരിപക്ഷത്തിൽ വിജയിക്കാനാകുമെന്ന നിഗമനത്തിൽ ലീഗ് സംസ്ഥാന നേതൃത്വവും നീക്കം ശക്തമാക്കിയിട്ടുണ്ട്. അതേസമയം MV രാഘവനടക്കം മത്സരിച്ചു CMP യുടെ കൈവശമുള്ള നെന്മാറ ഇത്തവണ കോൺഗ്രസിനു നൽകിയേക്കും. വിജയസാധ്യതയുള്ള മറ്റൊരു സീറ്റ് അനുവദിച്ചാൽ തയ്യാറെന്ന് നേതൃത്വം അറിയിച്ചിട്ടുണ്ട്
സീറ്റ് വിഭജന ചർച്ചകളും സ്ഥാനാർഥി നിർണയവും വേഗത്തിലാക്കാനാണ് നീക്കം. അടുത്ത യുഡിഎഫ് യോഗത്തിൽ തന്നെ ധാരണയാക്കാനാണ് ശ്രമം.