സീറ്റു വിഭജനത്തില്‍ കേരള കോണ്‍ഗ്രസും കോണ്‍ഗ്രസും തമ്മില്‍ കോട്ടയത്ത് കാര്യമായ അഴിച്ചുപണി നടത്തിയേക്കും . കേരള കോണ്‍ഗ്രസിന്‍റെ ഏറ്റുമാനൂര്‍, ചങ്ങനാശേരി മണ്ഡലങ്ങള്‍ വേണമെന്നാണ് കോണ്‍ഗ്രസ് നിലപാട്. കാഞ്ഞിരപ്പളളിയും പൂഞ്ഞാറും ആര്‍ക്ക് ലഭിക്കുമെന്നതിലും ചര്‍ച്ച തുടരുകയാണ്.
കോണ്‍ഗ്രസില്‍ നിന്ന് മികച്ച സ്ഥാനാര്‍ഥി, ഉറപ്പായ വിജയം...ഇൗ രണ്ടു ഘടകങ്ങള്‍ ഒത്തുവന്നാല്‍ വിട്ടുവീഴ്ചയ്ക്ക് കേരള കോണ്‍ഗ്രസ് തയാറാണെന്നാണ് വിവരം. ഏറ്റുമാനൂര്‍ കോണ്‍ഗ്രസിന് ലഭിച്ചാല്‍ ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ്, ഡിസിസി വൈസ് പ്രസിഡന്‍റ് ജി ഗോപകുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം പികെ വൈശാഖ് എന്നീ പേരുകളാണ് പട്ടികയിലുളളത്. ഏറ്റുമാനൂര്‍ കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ പകരം കേരള കോണ്‍ഗ്രസിന് എന്തുകൊടുക്കും. പൂഞ്ഞാര്‍ മണ്ഡലമാണ് മറ്റൊന്ന്. മുന്‍ ഡിസിസി പ്രസിഡന്‍റ് ടോമി കല്ലാനി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വസന്ത് സിറിയക് തെങ്ങുംപളളി എന്നിവരുടെ പേരുകളാണുള്ളത്.
ചങ്ങനാശേരിയിലും ടോമി കല്ലാനിയുടെ പേര് സജീവമാണ്. കെസി ജോസഫോ ജോസഫ് വാഴയ്ക്കനോ വരുമോയെന്നതിലും ചര്‍ച്ച തുടരുന്നു. ഏതൊക്കെ മണ്ഡലം വച്ചുമാറണമെന്ന് വൈകാതെ തീരുമാനമാകും. കാഞ്ഞിരപ്പളളിയിലും മികച്ച സ്ഥാനാര്‍ഥി വേണമെന്നാണ് പ്രാദേശിക നേതാക്കള്‍ അറിയിച്ചിരിക്കുന്നത്.