നിയമസഭ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണ്ണയത്തിലേക്ക് അതിവേഗം കടക്കാന്‍ കോണ്‍ഗ്രസ്. മധുസൂദൻ മിസ്ത്രി ചെയര്‍മാനായ എഐസിസി സ്ക്രീനിംഗ് കമ്മിറ്റി 13,14 തീയതികളിൽ കേരളത്തിലെത്തും. സച്ചിന്‍ പൈലറ്റടക്കം എഐസിസി നിരീക്ഷകരും ഉടന്‍ സംസ്ഥാനത്തെത്തും . ആദ്യ പട്ടിക ഈ മാസം തന്നെ പുറത്തിറക്കാനാണ് ആലോചന.
ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്ന കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പിനായി ചെയ്യാനുള്ളതെല്ലാം ദ്രുതഗതിയില്‍ മുന്നോട്ട് കൊണ്ട് പോവുകയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം. പ്രാഥമിക ചര്‍ച്ചകള്‍ക്കായി മധുസൂദൻ മിസ്ത്രി ചെയര്‍മാനായ എഐസിസി സ്ക്രീനിങ് കമ്മിറ്റി അംഗങ്ങള്‍ അടുത്തയാഴ്ച തിരുവനന്തപുരത്ത് എത്തും. എ.കെ ആന്‍റണി ഉള്‍പ്പെടെയുള്ള മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ജയസാധ്യത തന്നെയാകണം പ്രധാനമാനദണ്ഡം എന്നാണ് എഐസിസി നിര്‍ദേശം. സാമൂഹികനീതിയും യുവ - വനിതാ പ്രാ തിനിധ്യവും ഉറപ്പാക്കിയാകണം സ്ഥാനാര്‍ഥി പട്ടിക . ഹൈക്കമാന്‍ഡ് നിര്‍ദേശങ്ങള്‍ അക്ഷരംപ്രതി അനുസരിക്കുന്ന മിസ്ത്രിയുടെ നിലപാടുകളില്‍ കേരളത്തിലെ ചില നേതാക്കള്‍ക്ക് ആശങ്കയുണ്ട്. 2011 നിയമസഭാ തിരഞ്ഞെടുപ്പുസമയത്ത് സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായിരുന്നു മിസ്ത്രി. സയ്യിദ് നാസിര്‍ ഹുസൈന്‍, നീരജ് ദങ്കി, അഭിഷേക് ദത്ത് എന്നവരാണ് സ്ക്രീനിങ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഏകോപനത്തിനുള്ള എഐസിസി നിരീക്ഷകരായ കെ.ജെ. ജോർജ്, സച്ചിൻ പൈലറ്റ്, കനയ്യ കുമാർ, ഇമ്രാൻ പ്രതാപ് ഗഡി എന്നിവരും രണ്ടാഴ്ചക്കുള്ളിൽ സംസ്ഥാനത്ത് എത്തും.