കൊല്ലം കൊട്ടാരക്കരയില്‍ അയിഷാ പോറ്റി മല്‍സരിക്കുമോ? നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും ചോദ്യം സജീവമായി. അയിഷാ പോറ്റി ഇല്ലെങ്കില്‍ മാത്രം മറ്റു സ്ഥാനാര്‍ഥികളിലേക്ക് പോയാല്‍ മതിയെന്നാണ് യുഡിഎഫ് തീരുമാനം.
2006 ല്‍ ആര്‍.ബാലകൃഷ്ണപിള്ളയെ 12968 വോട്ടുകള്‍ക്ക് അട്ടിമറിച്ചുകൊണ്ടായിരുന്നു അയിഷപോറ്റി കൊട്ടാരക്കരയില്‍ വരവറിയിച്ചത്. 2011 ല്‍ 20592 ആയി ഭൂരിപക്ഷം വര്‍ധിപ്പിച്ച അയിഷ പോറ്റി 2016 ല്‍ 42, 632 എന്ന വമ്പന്‍ മാര്‍ജിനില്‍ വിജയിച്ചാണ് നിയമസഭയിലേക്ക് നടന്നു കയറിയത്. അന്നു അവര്‍ മന്ത്രിയല്ലെങ്കില്‍ സ്പീക്കറാകുമെന്നു പരക്കെ വര്‍ത്തമാനമുണ്ടായിരുന്നു. എന്നാല്‍ രണ്ടുമായില്ലെന്നു മാത്രമല്ല പാര്‍ടിയില്‍ നിന്നും അകലുകയും ചെയ്തു. ഉമ്മന്‍ചാണ്ടി അനുസമരണത്തിലടക്കമുള്ള വേദികളില്‍ സജീവമായതോടെ കോണ്‍ഗ്രസിലേക്കെന്നുള്ള ചര്‍ച്ച സജീവമായെങ്കിലും അവര്‍ തന്നെ നിഷേധിച്ചു. മണ്ഡലത്തിലെ എം.എല്‍.എ യും ധനകാര്യ മന്ത്രിയുമായ കെ.എന്‍.ബാലഗോപാലുമായി നല്ല രസത്തിലല്ലെന്നും വാര്‍ത്ത പരന്നതോടെ സ്ഥാനാര്‍ഥിയാകണമെന്ന ആവശ്യം കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ തന്നെ അവരോട് ആവശ്യപ്പെട്ടു.
സ്വതന്ത്രസ്ഥാനാര്‍ഥിയായി ആയിഷ പോറ്റി എത്തിയേക്കുമെന്നു തന്നെയാണ് കോണ്‍ഗ്രസ് പ്രതീക്ഷ. അവരില്ലെങ്കില്‍ മാത്രം മറ്റു സ്ഥാനാര്‍ഥികളിലേക്ക് പോയാല്‍ മതിയെന്നാണ് നിര്‍ദേശം. അവരുടെ സ്വീകാര്യതയ്ക്ക് ഇപ്പോഴും ഇടിവു സംഭവിച്ചിട്ടില്ലെന്നും അതു വോട്ടായി മാറിയാല്‍ വമ്പന്‍ മാര്‍ജിനില്‍ വിജയിക്കാന്‍ കഴിയുമെന്നും യുഡിഎഫ് കരുതുന്നു. അയിഷാ പോറ്റി ഇല്ലെങ്കില്‍ കെ.എന്‍.ബാലഗോപാലിനെതിരെ കഴിഞ്ഞ തവണ മല്‍സരിച്ച ആര്‍.രശ്മി, പി.ഹരികുമാര്‍, നെല്‍സണ്‍ ഇങ്ങനെ നീളുന്നു യുഡിഎഫ് സ്ഥാനാര്‍ഥി ചര്‍ച്ചകള്‍.