രാഹുൽ മാങ്കൂട്ടത്തിലിനുശേഷം ഒഴിവ് വരുന്ന പാലക്കാട് സീറ്റ് യുവാക്കൾക്ക് തന്നെ അനുവദിക്കണമെന്ന് യൂത്ത് കോൺഗ്രസിന്റെ ആവശ്യം. യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ കെ.എസ് ജയഘോഷിനെ പരിഗണിക്കണമെന്ന് ജില്ലാ നേതൃത്വത്തിനു മുന്നിൽ ആവശ്യം ഉയരുന്നുണ്ട്. ആവശ്യം നേതൃത്വത്തിന്റെ പരിഗണനയിലാണ്.
മൂന്നു ടേമിൽ ഷാഫിൽ പറമ്പിലും പിന്നീട് രാഹുലിന്റെയും കയ്യിലെത്തിയ പാലക്കാട് സീറ്റിനെ ചൊല്ലി പാർട്ടിയിൽ കാര്യമായ ചർച്ച തുടരുകയാണ്. രാഹുൽ ഇത്തവണ മത്സരിക്കില്ലെന്ന് ഉറപ്പിച്ച മണ്ഡലത്തിൽ ഡിസിസി പ്രസിഡണ്ട് എ.തങ്കപ്പനും രമ്യ ഹരിദാസും അടക്കമുള്ളവർ താൽപര്യം അറിയിച്ചിട്ടുണ്ട്. യുവാക്കൾ മത്സരിച്ച് വരുന്ന മണ്ഡലത്തിൽ ഇത്തവണ യുവാവിനെ തന്നെ പരിഗണിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
ഷാഫി പറമ്പിൽ അടക്കമുള്ളവർക്കും ഇതേ നിലപാടാണ്. യുവാക്കൾക്ക് അനുകൂലമാണ് പാലക്കാട്ടെ രാഷ്ട്രീയ സാഹചര്യമെന്നാണ് ഇവരുടെ വിലയിരുത്തൽ. ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തലുകൾക്ക് ശേഷമാകും ധാരണയാവുക.
വിജയ സാധ്യതയുണ്ടെന്ന് ജില്ലാ നേതൃത്വം റിപ്പോർട്ട് നൽകിയ നെന്മാറയിലും നേതാക്കളിൽ ചിലർ താല്പര്യമറിയിച്ചിട്ടുണ്ട്.
അതേസമയം തൃത്താലയിലേക്ക് ഇത്തവണയും വി.ടി ബൽറാമിനെ പരിഗണിച്ചേക്കും. ചിറ്റൂർ മണ്ഡലത്തിൽ നഗരസഭാ ചെയർമാൻ കൂടിയായ സുമേഷ് അച്യുതന്റെ പേരും ഉയരുന്നുണ്ട്. മാരത്തൺ ചർച്ചയിലാണ് നേതൃത്വം.