pj-joseph

കേരള കോൺഗ്രസ് ചെയർമാൻ പിജെ ജോസഫ് വീണ്ടും തൊടുപുഴയിൽ മത്സരിക്കും. ആരോഗ്യ കാരണങ്ങളാൽ ഇത്തവണ മത്സരരംഗത്ത് ഉണ്ടാകില്ലെന്ന് തീരുമാനിച്ചെങ്കിലും വിജയ സാധ്യത കണക്കിലെടുത്താണ് തീരുമാനം. നിലവിലെ എംഎൽഎ ആയ പിജെ ജോസഫിന്റെ സ്ഥാനാർഥിത്വത്തിൽ സംശയം എന്തിനാണെന്നാണ് കേരള കോൺഗ്രസ്‌ സംസ്ഥാന കോർഡിനേറ്റർ അപു ജോൺ ജോസഫിന്റെ ചോദ്യം.

84 ആം വയസിൽ 12 ആം തവണയാണ് പിജെ ജോസഫ് തൊടുപുഴയിൽ മത്സരിക്കാനിറങ്ങുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ തൊടുപുഴ നഗരസഭയിൽ കാര്യമായ ചലനം ഉണ്ടാക്കാനാകാതെ വന്നതോടെ മുന്നണിക്കുള്ളിൽ കേരള കോൺഗ്രസ് പ്രതിസന്ധിയിലായിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് പിജെ വീണ്ടും കളത്തിലിറങ്ങുന്നത്. 

11 തവണ മത്സരിച്ചതിൽ 2001 ൽ മാത്രമാണ് പിജെ തൊടുപുഴയിൽ പരാജയം രുചിച്ചത്. 2016 ൽ 45587 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിൽ നിയമസഭയിലെത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം 20259 വോട്ടായി ഇടിഞ്ഞു. തൊടുപുഴയിലെ വികസന മുരടിപ്പിന് കാരണം പിജെ ജോസഫ് ആണെന്ന ഇടതുമുന്നണിയുടെ പ്രചാരണത്തിന് വിജയം നേടി മറുപടി നൽകുകയാണ് ലക്ഷ്യം.

ആരോഗ്യകാരണങ്ങളാൽ പൊതുവേദികളിൽ സജീവമല്ലാതിരുന്ന പിജെ മുന്നിൽ നിന്ന് നയിച്ചതോടെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടുക്കിയിലടക്കം മികച്ച വിജയം നേടാനായതിന്റെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്.

ENGLISH SUMMARY:

PJ Joseph is set to contest again in Thodupuzha. Despite initial concerns about his health, the decision was made due to the perceived high probability of success in the upcoming election.