യുഡിഎഫ് അധികാരത്തിൽ വന്നാൽ സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്‌ലാമി കൈകാര്യം ചെയ്യുമെന്ന സിപിഎം നേതാവ് എ.കെ. ബാലന്റെ പ്രസ്താവനയെ തള്ളി എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. ഇത്തരമൊരു നിലപാട് സിപിഎമ്മോ എൽഡിഎഫോ സ്വീകരിച്ചിട്ടില്ലെന്നും, ബാലൻ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കണക്കുകൂട്ടലുകൾ മാത്രമാണെന്നും ടി.പി. രാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
യുഡിഎഫും ജമാഅത്തെ ഇസ്‌ലാമിയും തമ്മിലുള്ള ബന്ധത്തെ ലക്ഷ്യം വെച്ചായിരുന്നു എ.കെ. ബാലന്റെ വിവാദ പ്രസ്താവന. എന്നാൽ ഈ പരാമർശം രാഷ്ട്രീയ ആയുധമാക്കി കോൺഗ്രസ് രംഗത്തെത്തിയതോടെ സിപിഎം പ്രതിരോധത്തിലായി. സംസ്ഥാനത്ത് വർഗീയ വിഭജനം ഉണ്ടാക്കാനാണ് എ.കെ. ബാലൻ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് ഇത്തരമൊരു പ്രസ്താവന പുറത്തുവന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇടതുപക്ഷത്തെ റദ്ദു ചെയ്യുന്നത് ഇടതുപക്ഷം തന്നെയാണെന്നായിരുന്നു ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബ് റഹ്മാന്റെ പ്രതികരണം. പ്രസ്താവനയ്ക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ ജമാഅത്തെ ഇസ്‌ലാമി, എ.കെ. ബാലന് വക്കീൽ നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്.
വിവാദം കൊഴുക്കുമ്പോഴും എ.കെ. ബാലന്റെ പ്രസ്താവനയെ പൂർണ്ണമായി തള്ളാനോ ഏറ്റെടുക്കാനോ സിപിഎം തയ്യാറായിട്ടില്ല. "വ്യക്തികൾ നടത്തുന്ന എല്ലാ പ്രസ്താവനകളും പാർട്ടി നിലപാടല്ല" എന്ന മറുപടി നൽകി വിവാദത്തിൽ നിന്ന് തടിയൂരാനാണ് പാർട്ടി ശ്രമിക്കുന്നത്. ഉചിതമായ സമയത്ത് പാർട്ടി നിലപാട് വ്യക്തമാക്കുമെന്നാണ് നേതൃത്വം അറിയിച്ചിരിക്കുന്നത്.