മുഖ്യമന്ത്രി പിണറായി വിജയനുമായി തിരുവനന്തപുരം മേയറും ബിജെപി നേതാവുമായ വി.വി.രാജേഷ് കൂടിക്കാഴ്ച നടത്തി. ഡപ്യൂട്ടി മേയര്‍ ജി.എസ്.ആശാനാഥുമൊത്ത് മുഖ്യമന്ത്രിയെ കണ്ട വിവരം രാജേഷ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അറിയിച്ചത്.കൂടിക്കാഴ്ചയുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു. കോര്‍പറേഷന്‍റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് താന്‍ സംസ്ഥാന സര്‍ക്കാരിന്‍റെ പിന്തുണ തേടിയെന്നും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നല്ല രീതിയിലുള്ള സഹകരണം മുഖ്യമന്ത്രി വാഗ്ദാനം ചെയ്തുവെന്നും മേയര്‍ കുറിച്ചു. സംസ്ഥാന തലസ്ഥാനങ്ങളിലെ കോര്‍പറേഷനുകളിലേക്കുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ പരമാവധി നേടിയെടുത്ത് മുന്നോട്ട് പോകാനുള്ള സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെന്നും കുറിപ്പില്‍ പറയുന്നു.
സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് കോര്‍പറേഷന്‍ ഭരണം എന്‍ഡിഎയുടെ കൈകളിലെത്തുന്നത്. സത്യപ്രതിജ്ഞയ്ക്ക് മുന്‍പ് മുഖ്യമന്ത്രിയെ വി.വി.രാജേഷ് ഫോണ്‍ വിളിച്ചതിനെ ചൊല്ലി വലിയ വിവാദമാണ് ഉടലെടുത്തത്. മേയര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടെന്ന് അറിയിച്ചപ്പോള്‍ മുഖ്യമന്ത്രി അഭിനന്ദിച്ചുവെന്നായിരുന്നു വാര്‍ത്തകള്‍. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസും വി.വി.രാജേഷും പിന്നീട് വ്യക്തത വരുത്തിയിരുന്നു.
രാജ്യത്തെ തന്നെ ഏറ്റവും വികസിതമായ മൂന്ന് നഗരങ്ങളിലൊന്നായി തിരുവനന്തപുരത്തെ 2030 ഓടെ മാറ്റുമെന്നായിരുന്നു മേയറായി സ്ഥാനമേറ്റതിന് പിന്നാലെ വി.വി.രാജേഷിന്‍റെ പ്രഖ്യാപനം. കോടിക്കണക്കിന് രൂപയുടെ നികുതിപ്പണം പിരിഞ്ഞുകിട്ടാനുണ്ടെന്നും ഇത്പിരിച്ചെടുക്കുന്നതിന് പ്രഥമപരിഗണന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 101 വാർഡുകളിലെയും കൗൺസിലർമാരിൽ നിന്ന് അവരവരുടെ വാർഡുകളിൽ അടിയന്തിരമായി ഇടപെടേണ്ട കാര്യങ്ങളെക്കുറിച്ചുള്ള നിർദേശങ്ങൾ ശേഖരിച്ച് അവ ബന്ധപ്പെട്ട അധികൃതര്‍ക്ക് സമര്‍പ്പിക്കുമെന്നും വി.വി.രാജേഷ് പറഞ്ഞിരുന്നു.