ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് ഒരാളേ മല്‍സരരംഗത്ത് ഉണ്ടാകൂവെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ മനോരമ ന്യൂസിനോട്. പിതാവ് പറഞ്ഞിട്ടുള്ളത് വീട്ടില്‍നിന്ന് ഒരാള്‍ എന്നാണ്. സഹോദരിമാരുടെ പേരുകള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ടെങ്കിലും താല്‍പര്യമില്ലെന്നാണ് രണ്ടുപേരും തന്നോട് പറഞ്ഞത്. അച്ചു ഉമ്മന്‍ മല്‍സരിക്കുമെന്നത് മാധ്യമസൃഷ്ടിയാണ്. പുതുപ്പള്ളിയില്‍ ആരാണ് ഉചിതമെന്ന് പാര്‍ട്ടിക്ക് തീരുമാനിക്കാമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
അതേസമയം, കേരളത്തില്‍ നിയമസഭ തിരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാംവാരം നടന്നേക്കും. ഒറ്റഘട്ടമായിരിക്കും എന്നാണ് സൂചന. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അടുത്തമാസം സംസ്ഥാനം സന്ദര്‍ശിക്കും. കേരളമടക്കം നാലു സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും ഈ വര്‍ഷം മേയ്, ജൂണ്‍ മാസങ്ങളിലായി തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കേണ്ടതുണ്ട്. മാര്‍ച്ചില്‍ റംസാന്‍ വ്രതവും ചെറിയ പെരുന്നാളും കഴിഞ്ഞാല്‍ ഉടന്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകും.
ഇന്നലെ അഞ്ചു സംസ്ഥാനങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍മാരുമായി കേന്ദ്ര ഡെപ്യൂട്ടി തിര. കമ്മിഷണര്‍ ചര്‍ച്ചനടത്തി. സുരക്ഷാ കാര്യങ്ങളാണ് പ്രധാനമായും വിലയിരുത്തിയത്. കേന്ദ്രസേനയെ അനുവദിക്കണം എന്ന് സി.ഇ.ഒ രത്തന്‍ യു. ഖേല്‍ക്കര്‍ ആവശ്യപ്പെട്ടതായി അറിയുന്നു. അടുത്തമാസം ആദ്യം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍, കമ്മിഷണര്‍മാരായ ഡോ. സുഖ്‌വിന്ദര്‍ സിങ് സന്ധു, ഡോ. വിവേക് ജോഷി എന്നിവര്‍ സംസ്ഥാനത്തെത്തും. ഒരുക്കങ്ങള്‍ വിലയിരുത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം. കേരളത്തിന് പുറമെ പശ്ചിമബംഗാള്‍, അസം, തമിഴ്നാട് സംസ്ഥാനങ്ങളിലാണ് ഈ വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്.