നിയമസഭ തിരഞ്ഞെടുപ്പിൽ പേരാവൂരിൽ നിന്ന് വീണ്ടും മത്സരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ഇലക്ഷൻ സമയത്ത് മറ്റൊരാൾക്ക് താൽക്കാലികമായി ചുമതല കൈമാറും. കെപിസിസി പ്രസിഡന്റ് മൽസരിക്കുന്നതിൽ അസ്വഭാവികതയില്ലെന്നും സണ്ണി ജോസഫ് മനോരമ ന്യൂസിനോട് പറഞ്ഞു.
മൽസരിക്കാൻ സുധാകരൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടല്ലോയെന്ന ചോദ്യത്തിന് അത് അപ്പോൾ ആലോചിക്കാമെന്നും മറുപടി. 13 ന് ചേരുന്ന സ്ക്രീനിങ് കമ്മിറ്റിക്ക് ശേഷമേ സ്ഥാനാർഥി നിർണയ ചർച്ചകൾ തുടങ്ങുകയുള്ളുവെന്നും സണ്ണിജോസഫ് വ്യക്തമാക്കി.
അതേസമയം, നിയമസഭയിൽ നൂറ് സീറ്റ് ഉറപ്പിക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിച്ച് കോൺഗ്രസിന്റെ ബത്തേരി നേതൃക്യാംപിന് സമാപനം. സിപിഎം - ബിജെപി ക്യാംപിൽ നിന്ന് നേതാക്കൾ യുഡിഎഫിലേക്ക് എത്തുന്നത് ഉൾപ്പെടെയുള്ള വിസ്മയങ്ങൾ തിരഞ്ഞെടുപ്പിന് മുൻപ് പ്രതീക്ഷിക്കാമെന്ന് വി.ഡി.സതീശൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
അടിമുടി ആത്മവിശ്വാസം പ്രസരിക്കുന്ന ശരീരഭാഷയായിരുന്നു നേതാക്കൾക്ക്. നിയമസഭയിൽ നൂറ് സീറ്റ് പിടിക്കണമെന്ന വി.ഡി.സതീശന്റെ ആഹ്വാനത്തിന് നേതാക്കളുടെ ഹർഷാരവം. എതിർചേരിയിൽ നിന്ന് യുഡിഎഫിലേക്ക് നേതാക്കളുടെയും പാർട്ടികളുടെയും ഒഴുക്കുണ്ടാകുമെന്ന് പ്രഖ്യാപനം. തദ്ദേശ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ ജാഗ്രത കൈവിടരുതെന്ന് കെ.സി.വേണുഗോപാൽ. ഐക്യത്തിന്റെ സന്ദേശം നൽകി നേതാക്കൾ. ശബരിമല സ്വർണക്കൊളള മുൻനിർത്തി സമരം ശക്തമാക്കും. ഈ മാസം 23ന് നിയമസഭാ മാർച്ച്. പ്രതിപക്ഷ നേതാവ് നയിക്കുന്ന കേരള യാത്ര ഫെബ്രുവരിയിലാണ്.
യുഡിഎഫിന് 90 സീറ്റിൽ അധികം കിട്ടുമെന്ന സർവേ റിപ്പോർട്ട് ആണ് സുനിൽ കനുഗോലു അവതരിപ്പിച്ചത്. ഇതിന്റെ ചുവടുപിടിച്ചാകും തന്ത്രങ്ങൾ. ഈ മാസം അവസാനം തന്നെ സ്ഥാനാർഥി നിർണയത്തിന് അന്തിമ രൂപം നൽകും. ഏറ്റവും ആദ്യം പ്രഖ്യാപനം നടത്തി പ്രചാരണം തുടങ്ങും. ആവശ്യമുള്ള ഇടത്ത് ബൂത്ത് കമ്മിറ്റികൾ പുനസംഘടിപ്പിക്കും. സമഗ്ര വോട്ടർ പട്ടിക കുറ്റമറ്റതാക്കാൻ പാർട്ടി ജാഗ്രത പാലിക്കണമെന്ന നിർദേശവും ക്യാംപിൽ ഉയർന്നു.