ജോസ് തെറ്റയില്‍, മാത്യു ടി. തോമസ്, കെ. കൃഷ്ണന്‍കുട്ടി എന്നിവര്‍ (ഫയല്‍ ചിത്രം)
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനതാദള്‍ (എസ്) കേരള ഘടകം പുതിയ പാര്‍ട്ടി രൂപീകരിച്ചു. ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ എന്നാണ് പുതിയ ജനതാ പാർട്ടിയുടെ പേര്. ദേശിയ ഘടകം എന്‍ഡിഎ ഘടകക്ഷിയായതോടെയാണ് കേരളഘടകത്തിന്‍റെ തീരുമാനം. പുതിയ പാര്‍ട്ടി പ്രഖ്യാപനം നാളെ നടക്കും. രണ്ട് എംഎല്‍എമാരാണ് ജെഡിഎസിന് കേരളത്തിലുള്ളത്. തിരുവല്ലയില്‍ നിന്നുള്ള മാത്യു ടി തോമസും ചിറ്റൂരില്‍ നിന്നുള്ള മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും.
2024 ലോകസ്ഭാ തിരഞ്ഞെടുപ്പോടെയാണ് ജെഡിഎസ് എന്‍ഡിഎയുടെ ഭാഗമാകുന്നത്. കര്‍ണാടകയിലെ മാണ്ഡ്യയില്‍ നിന്നും ജയിച്ച എച്ച്ഡി കുമാരസ്വാമി മോദി മന്ത്രിസഭയില്‍ കാബിനറ്റ് മന്ത്രിയായി. ഇതോടെ ബിജെപി സഖ്യത്തിലുള്ള ജെഡിഎസ് ഇടതുമുന്നണിയിലും ഇടതുസർക്കാരിലും അംഗമാണെന്ന പ്രതിപക്ഷ വിമർശനം ജെഡിഎസ് കേൾക്കേണ്ടിവന്നിരുന്നു.
ആ ഘട്ടത്തിലെല്ലാം സിപിഎം സംരക്ഷണമൊരുക്കി. 2024 ജൂണിലാണു പുതിയ പാർട്ടി രൂപീകരിക്കുമെന്നു പ്രഖ്യാപിച്ചത്. പാര്‍ട്ടിക്ക് അംഗീകാരം ലഭിക്കുന്നത് വൈകിയതോടെ ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം നിൽക്കുന്ന ജെഡിഎസിന് അനുവദിക്കപ്പെട്ട ‘കറ്റയേന്തിയ കർഷകസ്ത്രീ’ ചിഹ്നം ഉപയോഗിച്ചാണ് സ്ഥാനാര്‍ഥികള്‍ മത്സരിച്ചത്. പുതിയ പാര്‍ട്ടി വരുന്നതോടെ, ജെഡിഎസ് ദേശീയതലത്തിൽ എൻഡിഎയുമായി സഖ്യമായതോടെ കേരളഘടകത്തിലും ഇടതുമുന്നണിയിലുമുണ്ടായ ആശയക്കുഴപ്പം പരിഹരിക്കപ്പെടും.