പുനര്‍ജനി പദ്ധതി സുതാര്യമെന്നും എത്ര തവണ വേണമെങ്കിലും അന്വേഷിച്ചോട്ടോയെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മണപ്പാട്ട് ഫൗണ്ടേഷനില്‍ സതീശന് പങ്കില്ലെന്ന് സി.ഇ.ഒ അമീര്‍ അഹമ്മദ് പറഞ്ഞു. എന്നാല്‍, പ്രതിപക്ഷത്തിന് അങ്കലാപ്പാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആരോപിച്ചു.
കോണ്‍ഗ്രസിന്‍റെ തിരഞ്ഞെടുപ്പ് മുന്നൊരുക്കം വയനാട്ടില്‍ തുടരുന്നതിന്‍റെ രണ്ടാം ദിനവും സര്‍ക്കാര്‍ ചര്‍ച്ചകളില്‍ നിറയ്ക്കാന്‍ ശ്രമിച്ചത് പ്രതിപക്ഷ നേതാവിനെ ഉന്നമിട്ടുള്ള പുനര്‍ജനി പദ്ധതിയിലെ അന്വേഷണം. എന്നാല്‍, അല്‍പം പോലും ആശങ്കയില്ലെന്നും സര്‍ക്കാരിന് എന്തും അന്വേഷിക്കാമെന്നും തിരിച്ചടിക്കുകയാണ് പ്രതിപക്ഷനേതാവ്.
സതീശനെതിരെ മാത്രമല്ല, മണപ്പാട്ട് ഫൗണ്ടേഷനെതിരെയും സി.ബി.ഐ അന്വേഷണ ശുപാര്‍ശയുണ്ടെന്ന വിവരം പുറത്തുവന്നതോടെ സ്വാഗതം ചെയ്ത് സി.ഇ.ഒ രംഗത്തെത്തി. പ്രളയകാലത്തെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമാണ് വി.ഡി.സതീശന്‍ ഫൗണ്ടേഷനെ സമീപിച്ചതെന്നും വിശദീകരിച്ചു. എന്നാല്‍, അന്വേഷണ നീക്കം സര്‍ക്കാരിന്‍റെ തിരഞ്ഞെടുപ്പ് സ്റ്റണ്ടല്ലെന്ന് അവകാശപ്പെട്ട ബിനോയ് വിശ്വം, പ്രതിപക്ഷം അന്വേഷണത്തെ ഭയക്കുന്നതായി കുറ്റപ്പെടുത്തി.