നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെടാന്‍ മുസ് ലിം ലീഗ് നേതൃയോഗത്തില്‍ ധാരണ. കൂടുതല്‍ സീറ്റിന് അര്‍ഹതയുണ്ടെന്ന് നേതാക്കള്‍ ഒരേ സ്വരത്തില്‍ നിലപാടെടുത്തതോടെ സീറ്റ് വിഭജന ചര്‍ച്ച കോണ്‍ഗ്രസിന് കടുകട്ടിയാകാന്‍ സാധ്യതയേറി. എന്നാല്‍, കോണ്‍ഗ്രസിനെ സമ്മര്‍ദ്ധത്തിലാക്കുന്ന നിലപാടിലേയ്ക്ക് ലീഗ് പോകാനുള്ള സാധ്യത കുറവാണ്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയതിന്‍റെ ആത്മവിശ്വാസത്തിലാണ് കൂടുതല്‍ സീറ്റുകള്‍ വേണമെന്ന ആവശ്യം ലീഗ് നേതൃത്വം മുന്നോട്ട് വയ്ക്കുന്നത്. ഓരോ ജില്ലയിലെയും പ്രകടനത്തെ അടിസ്ഥാനമാക്കി സീറ്റുകള്‍ അധികം നല്‍കണമെന്നാണ് ആവശ്യം. സീറ്റ് വച്ചുമാറുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും.
ദിവസങ്ങള്‍ക്കുള്ളില്‍ സീറ്റ് വിഭജനചര്‍ച്ചയ്ക്ക് തുടക്കാമാകും. എന്നാല്‍, നിലവിലെ അനുകൂല സാഹചര്യം തര്‍ക്കിച്ച് കളഞ്ഞുകുളിക്കാന്‍ ലീഗും ആഗ്രഹിക്കുന്നില്ല. അതിനാല്‍ കോണ്‍ഗ്രസിനെ സമ്മര്‍ദ്ധത്തിലാക്കാന്‍ ഉദ്ദേശിക്കുന്നില്ല. പകരം പ്രവര്‍ത്തകരുടേയും നേതാക്കളുടേയും വികാരം ബോധ്യപ്പെടുത്തും. തിരിച്ചുവരവിന് മാറ്റ് കൂട്ടാന്‍ ലീഗിന്‍റെ മികച്ച പ്രകടനം അനിവാര്യമാണെന്നിരിക്കെ കൂടുതല്‍ സീറ്റുകള്‍ നല്‍കുന്ന കാര്യം പരിഗണിക്കണമെന്നാണ് കോണ്‍ഗ്രസിനുകത്തുനിന്ന് തന്നെ ഉയരുന്ന പൊതുവികാരം.