തിരുവനന്തപുരം കോർപ്പറേഷനില്‍ താനായിരുന്നു ബിജെപിയുടെ മേയർ സ്ഥാനാർഥിയെന്ന് ആർ. ശ്രീലേഖ. മേയർ ആകുമെന്ന് ബിജെപി നേതൃത്വം വാഗ്ദാനം നൽകി. പിന്നീട് രാഷ്ട്രീയപരിചയമുള്ള ആളെ മേയറാക്കാമെന്ന് തീരുമാനിച്ചു. തിരഞ്ഞെടുപ്പിനുശേഷമാണ് തീരുമാനം മാറിയത്. പാര്‍ട്ടി തീരുമാനം ഞാന്‍ സന്തോഷത്തോടെ അനുസരിക്കുന്നുവെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ താല്‍പര്യമില്ലെന്നും ശ്രീലേഖ പറഞ്ഞു. അതേസമയം, ആര്‍.ശ്രീലേഖ പറഞ്ഞത് അറിഞ്ഞില്ലെന്ന് മേയര്‍ വി.വി.രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.
മല്‍സരിക്കാൻ താൽപ്പര്യമില്ലാതിരുന്ന തന്നെ മേയറാക്കാമെന്ന ഉറപ്പിലാണ് മത്സരിപ്പിച്ചത്. അപ്രകാരം കേട്ടപ്പോൾ, കോർപ്പറേഷൻ തിരഞ്ഞെടുപ്പിന്റെ മുഖം താനായിരിക്കുമെന്നാണ് കരുതിയത്. എല്ലാ സ്ഥാനാർത്ഥികൾക്കും വേണ്ടി പ്രവർത്തിക്കേണ്ട ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ് താൻ. പത്ത് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുവാനുള്ള ചുമതലയും നൽകി.
ഒടുവിൽ കൗൺസിലർ ആകേണ്ടി വന്ന സാഹചര്യത്തിൽ പാർട്ടി നിർദ്ദേശം അംഗീകരിച്ച് നിന്നു. കോർപ്പറേഷൻ തിരഞ്ഞെടുപ്പിന്റെ മുഖം താനാണെന്ന രീതിയിൽ തന്നെയാണ് പാർട്ടി നേതൃത്വം സംസാരിച്ചതും, മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചതും. ചർച്ചകൾക്കായി പോയതും താനാണെന്നും ശ്രീലേഖ പറഞ്ഞു.