യുഡിഎഫ് തിരികെ വന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി അടി ആരംഭിക്കില്ലേ എന്നുള്ള ഒരു കുടുംബ സുഹൃത്തിന്‍റെ ചോദ്യത്തെപ്പറ്റി ഫെയ്സ്ബുക്ക് പോസ്റ്റുമായി ഡോ. മൂപ്പൻസ് വയനാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ വിസിറ്റിംഗ് പ്രൊഫസർ ഡോ. എസ്.എസ്. ലാൽ. സി.പി.എമ്മിന് ഒരു മുഖ്യമന്ത്രി സ്ഥാനാർത്ഥിയല്ലേ ഉള്ളൂ, യുഡിഎഫില്‍ മുഖ്യമന്ത്രിയാകാൻ യോഗ്യതയുള്ള അഞ്ചാറ് പേരില്ലേ, അത് പ്രശ്നമാവില്ലെ എന്നായിരുന്നു കുടുംബ സുഹൃത്തിന്‍റെ ചോദ്യം. അദ്ദേഹവുമായുള്ള സംഭാഷണമാണ് ഫെയ്സ്ബുക്കില്‍ ഡോ. എസ്.എസ്. ലാൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പോസ്റ്റിന്‍റെ പൂര്‍ണരൂപം
കോൺഗ്രസിനോട് ശക്തമായ അനുഭാവം പുലർത്തുന്ന ഒരു കുടുംബസുഹൃത്തിനോട് സംസാരിക്കുകയായിരുന്നു ഞാൻ. അദ്ദേഹം ഉന്നതവിദ്യാഭ്യാസമുള്ള വ്യക്തിയാണ്. മിതഭാഷിയാണ്. വലിയ ഉദ്യോഗത്തിൽ നിന്നും കുറച്ചുനാൾ മുമ്പാണ് വിരമിച്ചത്.
അദ്ദേഹം: ലാലേ, ഇത്തവ യു.ഡി.എഫ് തിരികെ വരുമെന്ന് ഉറപ്പാണ്. നല്ല വിജയമായിരിക്കും. പക്ഷേ ...
ഞാൻ: എന്ത് പക്ഷേ?
അദ്ദേഹം: ഭൂരിപക്ഷം കിട്ടിയാലും പ്രശ്നമല്ലേ?
ഞാൻ: എന്ത് പ്രശ്നം?
അദ്ദേഹം: മുഖ്യമന്ത്രിയാകാൻ യോഗ്യതയുള്ള അഞ്ചാറ് പേരില്ലേ?
ഞാൻ: അത് നല്ല കാര്യമല്ലേ?
അദ്ദേഹം: ഒരാൾക്കല്ലേ മുഖ്യമന്ത്രിയാകാൻ കഴിയൂ. കുറേ സീനിയർ നേതാക്കളില്ലേ?
ഞാൻ: അത് കോൺഗ്രസിൻ്റെ നേട്ടമല്ലേ? മുഖ്യമന്ത്രിയാകാൻ യോഗ്യതയുള്ള അഞ്ചാറ് നേതാക്കളെ വളർത്തിയെടുക്കാൻ കഴിഞ്ഞ പാർട്ടിയല്ലേ നല്ല പാർട്ടി? അത് പാർട്ടിയുടെ മാഹാത്മ്യമല്ലേ?
അദ്ദേഹം: (അല്പം ആലോചിച്ച ശേഷം). അത് ശരിയാണല്ലോ. പക്ഷേ, സി.പി.എമ്മിന് ഒരു സ്ഥാനാർത്ഥിയല്ലേ ഉള്ളൂ?
ഞാൻ: സി.പി.എമ്മിൽ ആ ലവലിലേയ്ക്ക് വളരാൻ ആരെയും അനുവദിക്കാത്തതല്ലേ? എല്ലാരേം പിണറായി നേരത്തേ വെട്ടി നിരത്തിയതല്ലേ?
അദ്ദേഹം: അതും ശരിയാണല്ലോ. പക്ഷേ യു.ഡി.എഫിന് ഭൂരിപക്ഷം കിട്ടിയാൽ നേതാക്കൾ തമ്മിൽ മുഖ്യമന്ത്രി സ്ഥാനത്തിന് തർക്കമാകില്ലേ?
ഞാൻ: കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രം അറിയാവുന്നയാളല്ലേ? എപ്പോഴെങ്കിലും മുഖ്യമന്ത്രി ആരെന്ന തർക്കത്തിൽ ഉടക്കി യു.ഡി.എഫിന് മുഖ്യമന്ത്രിയുണ്ടാകാതെ വന്നിട്ടുണ്ടോ? മന്ത്രിസഭ ഉണ്ടാകാതെ വന്നിട്ടുണ്ടോ?
അദ്ദേഹം: ശരിയാണ്. പക്ഷേ കോൺഗ്രസ് നേതാക്കൾ തമ്മിൽ തർക്കമുണ്ടാകും എന്നാണല്ലോ സംസാരം?
ഞാൻ: ആരുടെ സംസാരം? ഈ കോൺഗ്രസ് നേതാക്കൾ ആരെങ്കിലും പറഞ്ഞോ? ആരെങ്കിലും തർക്കിച്ചോ?
അദ്ദേഹം: അതും ശരിയാണ്. പക്ഷേ, ഈ പ്രചരണം.....
ഞാൻ: അതാണ് സി.പി.എം തന്ത്രം. ഈ നറേറ്റീവ് സി.പി.എമ്മിൻ്റേതാണ്. അവരാണ് ഇത് നമ്മുടെ മനസിലേക്കിടുന്നത്. അത് നമ്മളെന്തിനാ വിശ്വസിക്കുന്നത്? പറഞ്ഞുനടക്കുന്നത്? പിണറായിയെപ്പേടിച്ച് എൽ.ഡി.എഫിൽ ആർക്കും മുഖ്യമന്ത്രിസ്ഥാനം സ്വപ്നം കാണാൻ പോലും കഴിയില്ല. പാവങ്ങൾക്ക് ആകെ ചെയ്യാൻ കഴിയുന്നത് പിണറായിയുടെ സ്തുതിഗാനങ്ങൾ പാടുക മാത്രമാണ്.
അദ്ദഹേം: (ചിരിയോടെ) .... കാരണഭൂതൻ... ഈയിടെ ടീച്ചറും പിണറായിയെ സോപ്പിടുന്നത് കണ്ടു. അവരുടെ അവസ്ഥ..... (വീണ്ടും ചിരി)
ഞാൻ: അതുകൊണ്ട് സി.പി.എം തന്ത്രത്തിൽ നമ്മൾ വീഴരുത്. നമ്മുടെ നേതാക്കൾ ആകാശത്ത് നിന്ന് പൊട്ടിവീണതല്ലല്ലോ? മുഖ്യന്ത്രിയാകാൻ യോഗ്യതയുള്ള അഞ്ചോ ആറോ പേരെ നമ്മുടെ ജനങ്ങളല്ലേ ഇവിടെ വളർത്തിയത്? പാർട്ടിയുടെയും നാട്ടിൻ്റെയും ഗുണമായല്ലേ നമ്മൾ അതിനെ കാണേണ്ടത്? അതിനെപ്പറ്റി പറയേണ്ടത്?
അദ്ദേഹം: ഞാനിതുവരെ ഇങ്ങനെ അലോചിച്ചിട്ടില്ല. ലാല് പറയുന്നതുപോലെ ഇതൊരു നല്ല കാര്യമാണല്ലോ. മുഖ്യമന്ത്രിയാകാൻ യോഗ്യതയും പരിചയവുമുള്ള അഞ്ചാറ് നേതാക്കൾ നമ്മുടെ പാർട്ടിയിൽ ഉള്ളത് നല്ലൊരു കാര്യമാണല്ലോ? ലാലിന് ഈയൊരു പെഴ്സ്പെക്ടീവ് ഒന്ന് എഴുതിക്കൂടേ? ഞാൻ: തീർച്ചയായും എഴുതാം.