തൊണ്ടിമുതല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് ആന്‍റണി രാജു അയോഗ്യനായതോടെ, തിരുവനന്തപുരം സീറ്റില്‍ അവകാശവാദമുന്നയിക്കാന്‍ കേരള കോണ്‍ഗ്രസ് (എം). സീറ്റ് ഏറ്റെടുക്കണമെന്ന വികാരം സിപിഎമ്മിലുമുണ്ട്. മേല്‍ക്കോടതികളില്‍ പോയി അയോഗ്യത നീക്കിയാലും ആന്‍റണി രാജുവിനെ മത്സരിപ്പിക്കുന്നത് ഗുണകരമാകില്ലെന്നാണ് സിപിഎമ്മിന്‍റെയും സിപിഐയുടെയും ചിന്ത.
തിരുവനന്തപുരത്ത് മത്സരിക്കാന്‍ ഒരു സീറ്റ് എന്നത് ദീര്‍ഘകാലമായി കേരള കോണ്‍ഗ്രസ് മാണിയുടെ ആവശ്യമാണ്. സിറ്റിംഗ് എംഎല്‍എ ആന്‍റണി രാജു തൊണ്ടി മുതല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് അയോഗ്യനായത് ആ ആവശ്യം നേടിയെടുക്കാനുള്ള സുവര്‍ണാവസരമായി കാണുകയാണ് പാര്‍ട്ടി. ലത്തീന്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ നിര്‍ണായകമായ മണ്ഡലം, ആ സമുദായത്തില്‍ നിന്നുള്ള ഒരാളെ മത്സരിപ്പിച്ച് നിലനിര്‍ത്താന‍് കഴിയുമെന്ന ആത്മവിശ്വാസമാണ് കേരള കോണ്‍ഗ്രസ് എമ്മിനുള്ളത്. സീറ്റ് ഏറ്റെടുക്കണമെന്ന വികാരം സിപിഎമ്മിലുമുണ്ട്. പക്ഷെ, ശക്തമായ ത്രികോണ മത്സരത്തിന് സാധ്യതയുള്ള മണ്ഡലത്തില്‍ ലത്തീന്‍ സമുദായക്കാരനായ ശക്തനായൊരു സ്ഥാനാര്‍ഥിയെ കണ്ടെത്തുക എന്നതാണ് വെല്ലുവിളി. ഈ സാഹചര്യത്തില്‍ സീറ്റ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്. ഹൈക്കോടതിയിലോ, സുപ്രീംകോടതിയിലോ പോയി അയോഗ്യത ഒഴിവാക്കി വന്നാല്‍ ആന്‍റണി രാജുവിനെ തന്നെ മത്സരിപ്പിക്കുക എന്നതാണ് മറ്റൊരു സാധ്യത. അതിനോട് സിപിഎമ്മിനും സിപിഐക്കും താല്‍പര്യമില്ലെന്നാണ് വിവരം. മേല്‍ക്കോടതികള്‍ നിന്ന് ഇളവ് ലഭിച്ചാലും ആന്‍റണി രാജു കുറ്റവിമുക്തനാകില്ല. അതിനാല്‍ ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടയാളെ മത്സരിപ്പിക്കുന്നുവെന്ന പ്രചാരണം നേരിടേണ്ടി വരും.
ഇത് തിരുവനന്തപുരം മണ്ഡലത്തില്‍ മാത്രമല്ല സംസ്ഥാനത്താകെ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. ആന്‍റണി രാജുവിന്‍റെ പാര്‍ട്ടിയായ ജനാധിപത്യ കേരള കോണ്‍ഗ്രസിന്‍റെ മറ്റാര്‍ക്കെങ്കിലും സീറ്റ് നല്‍കുന്നതും സിപിഎമ്മിന്‍റെ ആലോചനയിലില്ല. ചുരുക്കത്തില്‍ ആന്‍റണി രാജുവിനെതിരായ കോടതി വിധിയോടെ ഇടത് മുന്നണിയില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് അപ്രസക്തമാകും. തിരുവനന്തപുരം മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് (എം) ആണോ, സി.പി.എമ്മാണോ മത്സരിക്കുക എന്നത് മാത്രമാണ് ഇനി അറിയേണ്ടത്.