താൻ കഴുത്തറ്റം ചെളിയില്‍ വീണുകിടക്കുമ്പോള്‍, പ്രതിപക്ഷ നേതാവിന്റെ ഷര്‍ട്ടില്‍ കൂടി അല്‍പം ചെളി തെറിപ്പിക്കാമെന്നാണ് കേരളത്തിന്റെ മുഖ്യമന്ത്രി വിചാരിക്കുന്നതെന്ന് ടി സിദ്ദിഖ് എംഎല്‍എ എന്ന് മുതലാണ് താങ്കള്‍ക്കും താങ്കളുടെ സര്‍ക്കാറിനും കേന്ദ്ര ഏജന്‍സികള്‍ മിടുക്കന്മാരായി മാറിയതെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.
ഇ.ഡിയെയും സിബിഐയെയും പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തുകൊണ്ടിരുന്ന താങ്കള്‍, അവയെ പ്രതിപക്ഷത്തിനു നേരെ ആയുധമാക്കുമ്പോള്‍ കേരളം എന്താണ് ചിന്തിക്കേണ്ടത്?. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ നിശബ്ദമാക്കാം എന്ന് താങ്കളെ ഉപദേശിച്ചത് ആരാണ്?. കേരളം ഒട്ടാകെ അലയടിക്കുന്ന യുഡിഎഫ് തരംഗം ഒരന്വേഷണം പ്രഖ്യാപിച്ച് വഴിതിരിച്ചുവിടാം എന്ന മൂഢസ്വര്‍ഗത്തിലാണ് താങ്കള്‍.
പൊതുരംഗത്ത് 100 ശതമാനം ട്രാന്‍സ്പറന്‍സി പുലര്‍ത്തുന്ന പ്രതിപക്ഷ നേതാവിനെതിരെ തെരഞ്ഞെടുപ്പിന്റെ പതിനൊന്നാം മണിക്കൂറില്‍ അന്വേഷണ ഉമ്മാക്കി കാട്ടുന്നത് അല്പത്തരമല്ലേ?. കഴിഞ്ഞ ഒമ്പതര വര്‍ഷം താങ്കള്‍ ഉറങ്ങുകയായിരുന്നോ?. പുനര്‍ജനിയില്‍ വിവാദങ്ങള്‍ ഉടലെടുത്തപ്പോള്‍ തന്നെ അന്വേഷണം വേണമെന്ന് സ്വമേധയാ ആവശ്യപ്പെട്ട വി.ഡി സതീശന്റെ ആര്‍ജ്ജവം താങ്കള്‍ കണ്ടില്ലേ?.
''ഏത് അന്വേഷണ ഏജന്‍സി വേണമെങ്കിലും അന്വേഷിക്കട്ടെ, ആ അന്വേഷണത്തിന് ഒടുവില്‍ കേരളത്തില്‍ നടപ്പാക്കാന്‍ പറ്റുന്ന ഏറ്റവും നല്ല പുനരുജ്ജീവന പദ്ധതിയെ പറ്റി നിങ്ങള്‍ക്ക് റിപ്പോര്‍ട്ട് കിട്ടും.''എന്ന് നെഞ്ചത്ത് കൈ വെച്ച് അന്തസ്സോടുകൂടി പറഞ്ഞയാളാണ് സതീശന്‍. ഇങ്ങനെ മറുപടി പറയാന്‍ താങ്കളുടെ ക്യാബിനറ്റിലെ എത്രപേര്‍ക്ക് സാധിക്കും ?
ദേശീയതലത്തില്‍ ശ്രദ്ധ ആകര്‍ഷിച്ച ഒരു പുനരധിവാസ പദ്ധതിയുടെ, പറവൂര്‍ മോഡല്‍ എന്ന് വിശേഷിപ്പിക്കാവുന്ന മഹത്തായ ഒരു സംരംഭത്തെ അന്ധമായ രാഷ്ട്രീയ ശത്രുത മൂലം കരിവാരി തേക്കാന്‍ ശ്രമിക്കുന്നത് മലയാളികളോടുള്ള വെല്ലുവിളിയാണ്. 200 ഇല്‍ പരം പുതിയ ഭവനങ്ങള്‍, നൂറുകണക്കിന് വീടുകളുടെ റിപ്പയര്‍ ആന്‍ഡ് മെയ്ന്റനന്‍സ്, വിദ്യാഭ്യാസ, തൊഴില്‍ രംഗത്ത് ഉള്‍പ്പെടെ നടത്തിവരുന്ന അടിസ്ഥാന സൗകര്യ വികസനങ്ങള്‍. ബൃഹത്തായ നന്മയില്‍ ഊന്നിയ ഈ പദ്ധതി താങ്കളുടെയും സിപിഎമ്മിന്റെയും ഉറക്കം കെടുത്തുകയാണോ?. ക്രിസ്തു ദേവന്റെ ജനനത്തെ തടയാന്‍ തന്റെ മുഴുവന്‍ സൈനികശക്തി ഉപയോഗിച്ചിട്ടും ഹെരോദാവിന് സാധിച്ചിട്ടില്ല, നുണക്കഥകളുടെ ഘോഷയാത്രകള്‍ അഴിച്ചുവിട്ടിട്ടും ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തെ കളങ്കപ്പെടുത്താന്‍ അന്ന് നിങ്ങള്‍ക്ക് സാധിച്ചിട്ടില്ല. അതിനാൽ, ഇതേ നാണയത്തിലുള്ള
വേട്ടയാടലുകൾ കൊണ്ട് കേരളീയ പൊതുസമൂഹത്തിന്റെ ശബ്ദവും, നീതിയുടെ വെളിച്ചവുമായ പ്രതിപക്ഷ നേതാവിനെ
നിശബ്ദമാക്കാം എന്ന് ധരിച്ചിട്ടുണ്ടെങ്കിൽ, ഒന്നോർമ്മിപ്പിക്കാം.ഇത് കേരളമാണ്, ജനത സത്യത്തെ തിരിച്ചറിയുന്ന നാട്.– സിദ്ദിഖ് വ്യക്തമാക്കുന്നു.