മുകേഷ് മാറിയാല്‍ കൊല്ലത്ത് ആര് മല്‍സരിക്കുമെന്ന ചര്‍ച്ച സിപിഎമ്മില്‍ സജീവം. സിനിമാ താരം മുതല്‍ കെ.എന്‍.ബാലഗോപാല്‍ വരെ ചര്‍ച്ചകളില്‍ നിറയുന്നു. കോര്‍പറേഷനടക്കം നഷ്ടപ്പെട്ട നിലവിലെ സാഹചര്യത്തില്‍ എം.മുകേഷിന് ഒരു തവണകൂടി അവസരം നല്‍കുമെന്ന് കരുതുന്നവരും പാര്‍ട്ടിയിലുണ്ട്.
കൊല്ലം എം.എല്‍.എയായിരുന്ന പി.കെ.ഗുരുദാസന് പകരമാര് എന്ന 2016 ലെ ചോദ്യത്തിനു പാര്‍ടിയിലെ ചെറുതും വലുതുമായ ഒരുപാട് നേതാക്കളുടെ പേരുകള്‍ ഉയര്‍ന്നു വന്നു. പൊതു സ്വീകാര്യതയില്ലാത്ത പേരുകളിലൊന്നും നേതൃത്വം സംതൃപ്തി കണ്ടില്ല. ഒടുവില്‍ പാര്‍ടിസെക്രട്ടറിയായിരുന്ന കോടിയേരി കൂടി പങ്കെടുത്ത യോഗത്തിലാണ് അപ്രതീക്ഷിതമായി എം.മുകേഷിന്‍റെ പേരിലേക്കെത്തിയത്. പാര്‍ട്ടിക്ക് തെറ്റിയില്ലെന്നു തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. 17,611 വോട്ടുകള്‍ക്ക് വിജയം കുറിച്ചാണ് മുകേഷ് ഗുരുദാസനു പകരക്കാരനായത്. പിന്നീട് എം.എല്‍.എ കാണാനില്ലെന്നു എതിരാളികള്‍ ആക്ഷേപമുയര്‍ത്തലിന് 2021 ലും ജയിച്ചു കയറിയായിരുന്നു മറുപടി.
എന്നാല്‍ പിന്നീട് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ടി മുകേഷിനെ പരീക്ഷിച്ചെങ്കിലും 1,50,302 വോട്ടിനു പരാജയപ്പെട്ടു. പിന്നാലെ വന്ന ലൈംഗികാതിക്രമ കേസിലെ അറസ്റ്റും കൂടിയായതോടെയാണ് ഇനിയുള്ള മല്‍സരം തുലാസിലായത്. മുകേഷ് മാറിയാല്‍ സിപിഎം ആക്ടിങ്ങ് സെക്രട്ടറി എസ്.ജയമോഹന്‍, പി.കെ.ഗോപന്‍, ചിന്താ ജെറോം തുടങ്ങി സിനിമാ താരത്തിന്‍റെ പേര് വരെ കേള്‍ക്കുന്നു. കൊട്ടാരക്കരയില്‍ നിന്നു കെ.എന്‍.ബാലഗോപാല്‍ ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്സായി കൊല്ലത്തെത്തുമെന്നും കേള്‍ക്കുന്നുണ്ട്. എന്നാല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിലടക്കം അടിതെറ്റിയ സിപിഎം മുകേഷിനു തന്നെ ഇളവു നല്‍കി മല്‍സരിപ്പിക്കുമെന്നു കരുതുന്നവരും പാര്‍ടിയില്‍ കുറവല്ല.