വടക്കാഞ്ചേരിയില്‍ ജനാധിപത്യം അട്ടിമറിക്കാന്‍ സിപിഎം ശ്രമിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. 50 ലക്ഷം രൂപയാണ് ഒരാളെ സ്വാധീനിക്കാന്‍ സിപിഎം ഇറക്കിയത്. ജനാധിപത്യത്തെ കുറിച്ച് വാതോരാതെ സംസാരിക്കുകയും എന്നിട്ട് പണം കൊടുത്ത് ആളുകളെ സ്വാധീനിക്കാന്‍ ബിജെപിയുടെ വഴിയില്‍ പരിശ്രമിക്കുകയുമാണ് സിപിഎമ്മെന്നും സതീശന്‍ ആരോപിച്ചു. സിപിഎം എത്രമാത്രം അധഃപതിച്ചിരിക്കുന്നുവെന്നതിന്‍റെ ഉദാഹരണമാണ് വടക്കാഞ്ചേരിയിലും മറ്റത്തൂരിലും നടന്നതെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഗീയത പറഞ്ഞിട്ടും തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ഗുണമില്ലെന്നും തിരഞ്ഞെടുപ്പോടെ എല്‍ഡിഎഫ് ശിഥിലമായെന്നും സതീശന്‍ പറയുന്നു. വര്‍ഗീയത പറയുന്ന ആളെ മുഖ്യമന്ത്രി കാറില്‍ കയറ്റി. മുഖ്യമന്ത്രിക്ക് പറയാനുള്ളതാണ് വെള്ളാപ്പള്ളി പറയുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
അതേസമയം വടക്കാഞ്ചേരിയില്‍ കൂറുമാറാന്‍ 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന പ്രചാരണം അസംബന്ധമാണെന്ന് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.വി.അബ്ദുല്‍ ഖാദര്‍ പറഞ്ഞു. ഒരുതരത്തിലുള്ള കുതിരക്കച്ചവടവും ഉണ്ടായിട്ടില്ലെന്നും മുഖം രക്ഷിക്കാനുള്ള കോണ്‍ഗ്രസ് ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 50 ലക്ഷം കൊടുത്ത് ആളെ പിടിക്കേണ്ട സ്ഥിതി എല്‍ഡിഎഫില്‍ ഇല്ലെന്നും കുതിരക്കച്ചവടം നടന്നിട്ടില്ലെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍റെ പ്രതികരണം. സംഭവത്തില്‍ പാര്‍ട്ടി അന്വേഷിക്കുന്നുവെന്നും ക്രമക്കേട് തെളിഞ്ഞാല്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.