വി.കെ.പ്രശാന്ത് എംഎല്‍എയുടെ നെയിംബോർഡിന് മുകളില്‍ സ്വന്തം നെയിം ബോർഡ് സ്ഥാപിച്ച് ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ. നെയിം ബോർഡിന്‍റെ ചിത്രങ്ങള്‍ ശ്രീലേഖ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടിട്ടുണ്ട്. എംഎൽഎ ഓഫീസ് ഒഴിയാൻ പ്രശാന്തിനോട്  ആർ.ശ്രീലേഖ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടതോടെ തുടങ്ങിയ വിവാദത്തിന് പിന്നാലെയാണ് പുതിയ സംഭവം. വിവാദങ്ങൾക്കൊടുവിൽ വി.കെ.പ്രശാന്തിന്‍റെ ഓഫീസിനോട് ചേർന്ന് ശ്രീലേഖ,  കൗൺസിലർ ഓഫീസ് തുറന്നിരുന്നു. അടുത്തടുത്ത മുറികളിലാണ് ഇപ്പോള്‍ ഇരുവരുടെയും ഓഫിസ് പ്രവര്‍ത്തിക്കുന്നത്.

‘ഏതോ കമ്യൂണിസ്റ്റ് വക്കീൽ എന്നെ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കണമെന്ന് പരാതി എഴുതി മുഖ്യമന്ത്രിക്ക് നേരിട്ട് നൽകി’ എന്ന് കുറിച്ചാണ് ശ്രീലേഖ ചിത്രങ്ങള്‍ പങ്കിട്ടത്. സംഭവത്തില്‍ ഒരു വിഡിയോയും പങ്കിട്ടിട്ടുണ്ട്. ‘ഞാന്‍ വട്ടിയൂര്‍കാവ് എംഎല്‍എയുടെ ഓഫീസില്‍ അതിക്രമിച്ച് അകത്തുകയറി. സ്വന്തമായി ഓഫീസ് തുറന്നുവെന്ന്. എനിക്കെതിരെ കേസ് എടുക്കണം എന്ന്. എന്നെ അറസ്റ്റ് ചെയ്ത് തുറുങ്കിലടയ്ക്കണമെന്ന്. ഇതിനെയാണ് ഓലപ്പാമ്പിനെ കാട്ടി പേടിപ്പിക്കുക എന്നു പറയുന്നത്’– വിഡിയോയലെ ശ്രീലേഖയുടെ പരിഹാസം ഇങ്ങനെയാണ്.

തിരുവനന്തപുരം കോര്‍പറേഷനില്‍ അധികാരമേറ്റ് രണ്ടാം ദിവസമാണ് ശാസ്തമംഗലത്തെ കോര്‍പറേഷന് കെട്ടിടത്തില്‍ വാടകയ്ക്ക് പ്രവര്‍ത്തിക്കുന്ന എം.എല്‍.എ ഓഫീസ് ഒഴിയണമെന്ന് പ്രശാന്തിനോട് വാര്‍ഡ് കൗണ്‍സിലറായ ശ്രീലേഖ ആവശ്യപ്പെട്ടത്. എന്നാല്‍ നിയമസഭ കാലാവധി കഴിയും വരെ തുടരാന്‍ പത്ത് മാസം മുമ്പ് തന്നെ കോര്‍പറേഷന് കത്ത് നല്‍കിയതായി പ്രശാന്ത് മറുപടി നല്‍കുകയായിരുന്നു. ശ്രീലേഖയുടെ ആവശ്യം സാമാന്യനീതിയുടെ ലംഘനമാണ്. എംഎല്‍എയെ കൗണ്‍സിലര്‍ വിളിച്ച് ആവശ്യപ്പെടുന്നത് ശരിയല്ല. നേതൃത്വം അറിഞ്ഞാണോ വിളിച്ചതെന്ന് അറിയണമെന്നും ഏഴ് വര്‍ഷമായി എംഎല്‍എ ഓഫിസ് ഇവിടെ പ്രവര്‍ത്തിക്കുന്നു‌ണ്ടെന്നുമായിരുന്നു വി.കെ.പ്രശാന്തിന്‍റെ പ്രതികരണം.

ഒടുവില്‍ തൊട്ടടുത്ത മുറിയില്‍ ആർ ശ്രീലേഖ കൗൺസിലർ ഓഫീസ് തുറന്നതോടെയാണ് വിവാദങ്ങള്‍ അവസാനിച്ചത്. എന്നാല്‍ തന്‍റെ ഓഫീസ് നിൽക്കുന്നിടത്തെ  മുറി എന്ന് പറയാനാവില്ലെന്ന് ശ്രീലേഖ ഫെയ്സ്ബുക്കില്‍ കുറിക്കുകയും ചെയ്തിരുന്നു.‌  കഷ്ടിച്ച് 75 ചതുരശ്ര അടിയുള്ള ഇത്തിരിപ്പോന്ന കുഞ്ഞ് ഓഫീസ് മുറിക്ക് ചുറ്റിനും ടൺ കണക്കിന് മാലിന്യമാണെന്ന് പറഞ്ഞുകൊണ്ട് അതിന്‍റെ ദൃശ്യങ്ങളും ശ്രീലേഖ പങ്കുവെച്ചിരുന്നു.

ENGLISH SUMMARY:

The office dispute between Vattiyoorkavu MLA V.K. Prasanth and Sasthamangalam Councilor R. Sreelekha intensified as Sreelekha placed her nameboard above the MLA's at the Sasthamangalam ward office. Sreelekha, a former DGP, mocked a CPIM lawyer's police complaint against her, calling it an attempt to intimidate her. The row began after Sreelekha demanded Prasanth vacate the Corporation-owned building, eventually leading her to open a small 75 sq.ft office adjacent to the MLA's office.