മൂവാറ്റുപുഴയിൽ പുതുതായി ആരംഭിച്ച കെഎസ്ആർടിസി സർവീസിനെ ചൊല്ലി എൽഡിഎഫ്- യുഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടിയതിന് പിന്നാലെ പ്രതികരണവുമായി മാത്യു കുഴൽനാടൻ എംഎൽഎ. മാത്യു കുഴൽനാടനായിരുന്നു സർവീസ് ഉദ്ഘാടനം ചെയ്തത്. എന്നാല്‍ പിന്നാലെ ബസിന്റെ മുന്നില്‍ മുഖ്യമന്ത്രിയുടെയും ഗതാഗത മന്ത്രിയുടെയും ബാനർ കെട്ടുന്നത് സംബന്ധിച്ച തര്‍ക്കമാണ് കയ്യാങ്കളിയിലെത്തിയത്. മൂവാറ്റുപുഴയിൽ സിപിഎമ്മിന്റെ കലാപരിപാടികൾ തുടരുന്നു, രാഷ്ട്രീയൽപ്പത്തരത്തിനും ഒരു പരിധി ഇല്ലേ എന്നുമാണ് മാത്യു കുഴൽനാടൻ ഫെയ്സ്ബുക്കില്‍ കുറിച്ചത്.
കെഎസ്ആർടിസി ബസിന്റെ കന്നി യാത്രയിൽ താനും മറ്റ് ജനപ്രതിനിധികളും പങ്കാളികളായെന്നും ജനങ്ങൾ ആവേശത്തോടെയാണ് സ്വീകരണം ഒരുക്കിയതെന്നും മാത്യൂ കുഴല്‍നാടന്‍ പറയുന്നു. ‘എന്നാല്‍ മൂന്ന് കിലോമീറ്റര്‍ കഴിഞ്ഞപ്പോൾ ബസിന് സിപിഎമ്മിന്റെ വക സ്വീകരണം. പിണറായി വിജയനും ഗതാഗത മന്ത്രിക്കും അഭിവാദ്യർപ്പണം. അനുമോദിച്ച് ഞാനും രണ്ട് വാക്ക് സംസാരിച്ചു. അതുകഴിഞ്ഞപ്പോൾ ബസിന് മുന്നിൽ ബാനർ. ബാനറിനെ ചൊല്ലി തർക്കം. ഉന്തും തള്ളും. എന്നാ വണ്ടി പോകണ്ട തടഞ്ഞിടും എന്ന് സിപിഎം’ സംഭവം വിവരിച്ച് മാത്യൂ കുഴല്‍ നാടന്‍ പറയുന്നു. എന്തൊക്കെ നാടകമാണ് ഇതെന്നാണ് പോസ്റ്റിലൂടെ മാത്യൂ കുഴല്‍നാടന്‍ ചോദിക്കുന്നത്. ‘ജനങ്ങളുടെ നികുതി പണം കൊണ്ട് അവർക്കു വേണ്ടി തുടങ്ങുന്ന ഒരു കെഎസ്ആര്‍ടിസി സർവീസിന്റെ ആദ്യ ട്രിപ്പിന്റെ അവസ്ഥയാണ് ഇത്. മുവാറ്റുപുഴയിൽ മാത്രമാണോ ഇങ്ങനെയെന്നും അദ്ദേഹം ചോദിക്കുന്നു.
ബസ് രണ്ടാർ കോട്ടപ്പുറം കവലയിൽ എത്തിയപ്പോൾ യുഡിഎഫ് പ്രവർത്തകർ തടഞ്ഞെന്നും ബാനർ നീക്കം ചെയ്യാൻ ശ്രമിച്ചെന്നുമാണ് എൽഡിഎഫ് പ്രവർത്തകർ ആരോപിക്കുന്നത്. മുഖ്യമന്ത്രിയുടെയും മന്ത്രിയുടെയും ചിത്രങ്ങളുള്ള ബാനർ നശിപ്പിച്ചത് രാഷ്ട്രീയ വൈരാഗ്യം കൊണ്ടാണെന്നും വികസന പദ്ധതികളുടെ ക്രെഡിറ്റ് എംഎൽഎയ്ക്ക് മാത്രം ലഭിക്കണമെന്ന വാശിയാണ് കാരണമെന്നും സിപിഎം ആരോപിക്കുന്നുണ്ട്.
എന്നാല്‍ ബസിനു മുന്നിലെ എയർ ഹോളുകൾ മറയ്ക്കുന്ന രീതിയിൽ ബാനർ കെട്ടിയത് ബസ് തകരാറിലാകാൻ കാരണമാകുമെന്നതിനാലാണ് ബാനര്‍ കെട്ടാതിരുന്നതെന്നാണ് മാത്യു കുഴൽനാടൻ പറയുന്നത്. അനാവശ്യ പ്രശ്നമുണ്ടാക്കി ആദ്യ സര്‍വീസ് അലങ്കോലമാക്കാനുള്ള ശ്രമമാണ് നടന്നതെന്നും മൂവാറ്റുപുഴയിലെ സിപിഎം വികസനങ്ങളെ അങ്ങേയറ്റം അസഹിഷ്ണുതയോടെയാണ് നോക്കികാണുന്നതെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. സംഭവത്തില്‍ സിപിഎം നേതൃത്വം മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മൂവാറ്റുപുഴ– തേനി അന്തർസംസ്ഥാന പാതയിൽ, പുതുതായി ആരംഭിച്ച മൂവാറ്റുപുഴ– കല്ലൂർക്കാട്– തൊടുപുഴ കെഎസ്ആർടിസി സർവീസിനെ ചൊല്ലിയായിരുന്നു അവകാശവാദം ഉന്നയിച്ച് എൽഡിഎഫ്- യുഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടിയത്. സർവീസ് രണ്ടാർ കോട്ടപ്പുറം കവലയിൽ എത്തിയപ്പോഴാണ് പ്രശ്നങ്ങളുടെ തുടക്കം. എൽഡിഎഫ് പ്രവർത്തകർ സംസ്ഥാന സർക്കാരിന് അഭിവാദ്യമർപ്പിച്ച് ബസ്സിൽ സ്ഥാപിച്ച ഫ്ളക്സ് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് വാക്കേറ്റവും ഏറ്റുമുട്ടലുമായി മാറിയത്.