വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങളില്‍ പ്രതികരിക്കാതെ മുസ്‍ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മറുപടി അര്‍ഹിക്കാത്തതിനാല്‍ അവഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലീഗിന്‍റെ ലക്ഷ്യം മറ്റൊരു മാറാടാണ് എന്നാണ് വെള്ളാപ്പള്ളി നടേശന്‍ ഇന്ന് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞത്. മുസ്‍ലിം ലീഗിനെതിരെ പറഞ്ഞ കാര്യങ്ങളിൽ ഒരു മാറ്റവുമില്ലെന്ന് പറഞ്ഞ വെള്ളാപ്പള്ളി സത്യം പറയുമ്പോൾ തന്നെ വർഗീയ വാദിയാക്കാൻ ശ്രമിക്കുന്നുവെന്നും കുറ്റപ്പെടുത്തി.
അതേസമയം, വെള്ളപ്പള്ളിയുടെ പ്രസ്താവനകളുടെ പശ്ചാത്തലത്തില്‍ സമുദായ സംഘടങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ സ്ഥാപനങ്ങളെ സംബന്ധിച്ച് ധവളപത്രം പുറത്തിറക്കണമെന്ന് എ.പി വിഭാഗം സമസ്ത ആവശ്യപ്പെട്ടു. എസ്എന്‍ഡിപി യോഗത്തിന് വടക്കന്‍ കേരളത്തില്‍ സര്‍ക്കാര്‍ ഒന്നും നല്‍കിയില്ലെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് പ്രതികരണം. വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ക്ക് സര്‍ക്കാരാണ് മറുപടി പറയേണ്ടതെന്നും സമസ്ത പറഞ്ഞു.ലീഗിന് മലപ്പുറത്ത് 48 വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ട്. കാന്തപുരം താൻ ബഹുമാനിക്കുന്ന ആളാണ്. അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണ് എസ്എന്‍ഡിപിക്ക് സ്ഥാപനങ്ങൾ ഉണ്ടെന്ന് പറഞ്ഞതെന്ന് വെള്ളാപ്പള്ളി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഡി.ജി.പിക്ക് പരാതി നല്‍കി. വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങള്‍ മതന്യൂനപക്ഷങ്ങളെ തീവ്രവാദികളാക്കി ചിത്രീകരിച്ച് സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്നതാണെന്നാണ് പരാതി. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്‍റ് എസ്.സുനന്ദാണ് ഇമെയില്‍ വഴി പരാതി നല്‍കിയത്. വെള്ളാപ്പള്ളി നടേശന്‍ വര്‍ഗീയവാദിയല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. വെള്ളാപ്പള്ളിയുടെ മതനിരപേക്ഷ നിലപാടുകളെ അംഗീകരിക്കും അതിന് വിരുദ്ധമായ നിലപാടുകളെ സിപിഎം അംഗീകരിക്കില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.