മുഖ്യമന്ത്രിക്കെതിരെ സമൂഹത്തില്‍ വികാരമുണ്ടെന്ന സിപിഐ ചര്‍ച്ചകളെ തള്ളി മന്ത്രി വി ശിവന്‍കുട്ടി. മുഖ്യമന്ത്രിക്കെതിരെ സംസ്ഥാനത്ത് ഒരു വികാരവുമില്ലെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. സിപിഐയുടെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍മാറേണ്ടി വന്ന പിഎം ശ്രീയില്‍ ഇനി കമ്മിറ്റി വെച്ചുള്ള കൂടുതല്‍ പരിശോധന ഒന്നുമില്ലെന്ന സൂചനയും വി.ശിവന്‍കുട്ടി നല്‍കി.
തിരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച ചെയ്യുന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവില്‍ മുഖ്യമന്ത്രിക്കെതിരെ ഇന്നലെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. മുഖ്യമന്ത്രിയോട് ജനത്തിന് എതിര്‍പ്പുണ്ടെന്നും ആ എതിര്‍പ്പ് തോല്‍വിക്ക് കാരണമായെന്നുമാണ് സിപിഐ യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനം. പി എം ശ്രീയില്‍ ഒപ്പിടാന്‍ മുഖ്യമന്ത്രി ഇടപെട്ടതും വിമര്‍ശനത്തിന് കാരണമായതോടെ അതിനെ എല്ലാം തള്ളി മന്ത്രി വി ശിവന്‍കുട്ടി പരസ്യമായി എത്തി.
പിഎം ശ്രീയില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറുമ്പോള്‍ ഇതു സംബന്ധിച്ച് വിശദമായി പഠിക്കാമെന്ന് സിപിഐക്ക് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. വിദ്യാഭ്യാസമന്ത്രി അധ്യക്ഷനായി കമ്മിറ്റിയെയും നിയോഗിച്ചു എന്നാല്‍ ഇനി കമ്മിറ്റിക്ക് വലിയ പ്രസക്തിയൊന്നുമില്ലെന്ന സൂചയാണ് വി ശിവന്‍കുട്ടി നല്‍കുന്നത്. കേന്ദ്രവിദ്യാഭ്യാസ നയം കേരളത്തില്‍ നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച വി ശിവന്‍കുട്ടി പ്ലസ് വണ്‍, പ്ലസ് ടൂ ക്ലാസുകളിലെ ഹിസ്റ്ററി , പൊളിറ്റിക്സ്, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങള്‍ സംസ്ഥാത്ത് തന്നെ അച്ചടിക്കുമെന്നും പറഞ്ഞു.