sivankutty

TOPICS COVERED

എഎ റഹീമിന്റെ ഇംഗ്ലീഷ് ഭാഷയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പരോക്ഷ വിമര്‍ശനവുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കോൺഗ്രസിനെ വിമർശിച്ചുകൊണ്ടാണ് ശിവന്‍കുട്ടി രംഗത്തെത്തിയത്. ബാബരി മസ്ജിദ് ആക്രമണം നടക്കുന്ന സമയത്ത് 17 ഭാഷകള്‍ അറിയുന്ന അന്നത്തെ പ്രധാനമന്ത്രി നരസിഹറാവു ഒരു ഭാഷയിലും അരുതെന്ന് പറഞ്ഞില്ല എന്നായിരുന്നു ശിവന്‍കുട്ടിയുടെ ഫെയ്സ്‌ബുക്ക് പോസ്റ്റ്. 

'1992 ഡിസംബർ 6 - ന് 17 ഭാഷകൾ അറിയുന്ന ഇന്ത്യൻ പ്രധാനമന്ത്രി ഒരു ഭാഷയിലും അരുത് എന്ന് പറഞ്ഞില്ല..  കാരണം അദ്ദേഹം കോൺഗ്രസുകാരൻ ആയിരുന്നു..' - ശിവൻകുട്ടി കുറിച്ചു. നരസിംഹ റാവുവിന്റെ ചിത്രവും പോസ്റ്റിൽ ശിവന്‍കുട്ടി പങ്കുവെച്ചു. അതേസമയം തനിക്കെതിരെയുള്ള സൈബർ ആക്രമണങ്ങൾക്ക് റഹീം തന്നെ മറുപടി നൽകിയിരുന്നു. 

തനിക്ക് ഭാഷപരമായ പരിമിതികളുണ്ട്. പക്ഷേ, മനുഷ്യരുടെ സങ്കടങ്ങൾക്ക് ഒരു ഭാഷയേ ഉള്ളൂ എന്നാണ് റഹീം പ്രതികരിച്ചത്. തന്റെ ഇംഗ്ലീഷിലെ വ്യാകരണം തിരയുന്നവരോട് ഒരു വെറുപ്പുമില്ല. ഭാഷ ഞാൻ തീർച്ചയായും ഇനിയും കൂടുതൽ മെച്ചപ്പെടുത്തും. പക്ഷേ ഒരു തെറ്റുമില്ലാതെ വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്ന നിരവധിപേർ കോൺഗ്രസിലുണ്ടായിട്ടും അവരെ ആരെയും ബുൾഡോസറുകൾ ജീവിതം തകർത്ത ദുർബലരുടെ അരികിൽ കണ്ടിട്ടില്ല എന്നും റഹീം പ്രതികരിച്ചിരുന്നു. 

ഇന്നലെ കർണാടകയിൽ അനധികൃത കൈയേറ്റത്തിൻ്റെ പേരിൽ സർക്കാർ കുടിയൊഴിപ്പിച്ച ഫക്കീർഖാൻ കോളനിയും വസീഫ് ലേഔട്ടും സന്ദർശിച്ച ശേഷം റഹീം മാധ്യമങ്ങളോട് പ്രതികരിക്കുന്ന വീഡിയോ ആയിരുന്നു സമൂഹ മാധ്യമങ്ങളിൽ വൈറലായത്. റഹീമിൻ്റെ ഇംഗ്ലീഷിലെ വ്യാകരണ പിശകുകൾ ചൂണ്ടിക്കാട്ടിയയായിരുന്നു ട്രോളുകൾ. 

ENGLISH SUMMARY:

V Sivankutty criticizes Congress indirectly over cyber attacks against AA Rahim's English skills. The education minister referenced Narasimha Rao's silence during the Babri Masjid demolition, contrasting it with Rahim's efforts despite language limitations.