അതിജീവിതയ്ക്കും അതിജീവിതയെ പിന്തുണയ്ക്കുന്നവർക്കും എതിരായി നടക്കുന്ന സൈബർ അധിക്ഷേപവും ആക്രമണവും അങ്ങേയറ്റം പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് ഇടത് എംപി എഎ റഹിം. സ്ത്രീകൾക്കെതിരായി ഉണ്ടാകുന്ന അതിക്രമങ്ങളിൽ പരാതിയുമായി മുന്നോട്ട് പോകുന്ന ഇരകൾക്ക് സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്.
മറിച്ച് വേട്ടക്കാരനോടൊപ്പം നിന്ന് ഇരകളെ ആക്രമിക്കുന്നത് ഒരു ആധുനിക സമൂഹത്തിന് യോജിക്കുന്ന പ്രവണതയല്ല.
അത് തീർത്തും മനുഷ്യത്വരഹിതമായ ഒരു പ്രവർത്തിയാണ്. അതിജീവിതക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നതോടൊപ്പം നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ അവസാന നിമിഷം വരെ ഒപ്പമുണ്ടാകുമെന്ന് ഉറപ്പു നൽകുക കൂടി ചെയ്യുന്നു. അവളോടൊപ്പം തന്നെയാണെന്ന് ആവര്‍ത്തിച്ചുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.
അതേ സമയം, നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയ്ക്കൊപ്പം വണ്ടിയിലുണ്ടായിരുന്ന മാര്‍ട്ടിന്‍ പോസ്റ്റ് ചെയ്ത വിഡിയോ ഷെയര്‍ ചെയ്തവരും പ്രതികളാകുമെന്ന് പൊലീസ് പറയുന്നു. ബലാല്‍സംഗം നടന്നിട്ടില്ലെന്ന് കാട്ടി, അതിജീവിതയുടെ പേരു വെളിപ്പെടുത്തിക്കൊണ്ടാണ് മാര്‍ട്ടിന്‍ വിഡിയോ ചെയ്തത്. ഇയാള്‍ക്കെതിരെ തൃശൂരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മാര്‍ട്ടിന്‍ നിലവില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷാ തടവുകാരനാണ്.
കോടതി ബലാല്‍സംഗ കുറ്റത്തിന് ശിക്ഷിച്ചിട്ടും, ബലാല്‍സംഗമേ നടന്നിട്ടില്ലെന്നും, അത് കെട്ടുകഥയാണെന്നും പറഞ്ഞാണ് മാര്‍ട്ടിന്‍ വിചിത്രമായ വിഡിയോ പുറത്തിറക്കിയത്. അതിജീവിതയുടെ പരാതിയില്‍ സൈബര്‍ പൊലീസാണ് മാര്‍ട്ടിനെതിരെ കേസെടുത്തത്. ഈ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിട്ടുണ്ട്. വീഡിയോ ഷെയര്‍ ചെയ്തതിനു പിന്നില്‍ സംഘടിത ശ്രമമുണ്ടെന്നാണ് പൊലീസിന്‍റെ സംശയം.