കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷന് തൊട്ടുമുന്നിലുള്ള ഹോട്ടലിൽ വെച്ച് എസ്.ഐ ഷാഫിക്ക് കുത്തേറ്റു. ശനിയാഴ്ച വൈകുന്നേരം നാലുമണിയോടെ സ്റ്റേഷന് സമീപത്തെ റംഗൂൺ ഹോട്ടലിൽ വെച്ചാണ് സംഭവം നടന്നത്. ഹോട്ടലിലെത്തിയ പ്രതി എടക്കാട് സ്വദേശി പ്രമോദ് ചായയുടെ ഗുണനിലവാരത്തെ ചൊല്ലി ജീവനക്കാരുമായി തർക്കത്തിലേർപ്പെടുകയും ബഹളമുണ്ടാക്കുകയും ചെയ്തിരുന്നു.
ഈ സമയം ഹോട്ടലിലുണ്ടായിരുന്ന എസ്.ഐ ഷാഫി ഇടപെടുകയും ശബ്ദം കുറയ്ക്കാനും പുറത്തുപോകാനും പ്രമോദിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിൽ പ്രകോപിതനായ പ്രതി, എസ്.ഐ ചായ കുടിച്ച് പുറത്തിറങ്ങിയ സമയം പിന്നിലൂടെ എത്തി വയറിന് കുത്തുകയായിരുന്നു. പരുക്കേറ്റ എസ്.ഐയെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; അദ്ദേഹത്തിന്റെ പരുക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
സംഭവസ്ഥലത്തുനിന്ന് തന്നെ പ്രതിയായ പ്രമോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുക്കമ്പോള്‍ പ്രമോദ് പൊലീസിനെതിരെ പ്രകോപന മുദ്രവാക്യങ്ങള്‍ മുഴക്കിയിരുന്നു. പെട്ടന്നുണ്ടായ പ്രകോപനമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കും