sivankutty-sreelekha

വി.കെ.പ്രശാന്ത് എംഎല്‍എയുടെ ഓഫീസ് വിവാദത്തില്‍ ആര്‍. ശ്രീലേഖയ്ക്കെതിരെ മന്ത്രി വി.ശിവന്‍കുട്ടി. ഭീഷണിയും വിരട്ടലും വിലപോകില്ല. ധിക്കാരവും അഹങ്കാരവും ഒരു കാരണവശാലും അംഗീകരിക്കില്ല. ശ്രീലേഖയുടെ നടപടി ജനാധിപത്യ വിരുദ്ധമെന്നും ശിവന്‍കുട്ടി പറഞ്ഞു

എന്നാല്‍ ശ്രീലേഖയെ പുന്തുണച്ച് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ രംഗത്തെത്തി. എംഎൽഎയുടെ മുറിയിലൂടെ കൗൺസിലർക്ക് അവരുടെ ഓഫീസിലേക്ക് പോകേണ്ടിവരും. സ്ത്രീയെന്ന നിലയിൽ അസൗകര്യങ്ങൾ ഉണ്ടാകും.  ശ്രീലേഖ തന്നെ ഇക്കാര്യങ്ങള്‍ വിശദീകരിച്ചതാണ്. ഇക്കാര്യത്തിൽ സ്ത്രീവിരുദ്ധമായി നിലപാടെടുക്കരുതെന്നും ജോർജ് കുര്യൻ ഡൽഹിയിൽ പറഞ്ഞു

പരസ്യ പോര്

ഓഫീസിനെ ചൊല്ലി വട്ടിയൂർക്കാവ് എംഎൽഎ വി. കെ.പ്രശാന്തും ശാസ്തമംഗലം കൗൺസിലർ ആർ ശ്രീലേഖയും തമ്മിൽ പരസ്യ പോര് നടന്നിരുന്നു. കൗൺസിലർ ഓഫീസിന് സൗകര്യമില്ലെന്നും ഒഴിയണമെന്നും ആർ ശ്രീലേഖ  പ്രശാന്തി നോട് ആവശ്യപ്പെട്ടു.  ശ്രീലേഖയ്ക്ക് മേയർ പദവി കിട്ടാത്തത്തിന്റെ നിരാശയെന്നും  രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും വി.കെ.പ്രശാന്ത് പ്രതികരിച്ചു. രേഖകൾ പരിശോധിച്ച ശേഷം  പ്രതികരിക്കാമെന്ന് മേയർ  വി.വി.രാജേഷ് പറഞ്ഞു. വാടക രസീതുകൾ എം എൽ എ ഓഫീസ് പുറത്തു വിട്ടു. 

Also Read: ബി‌ജെപിക്ക് തലവേദനയായി ആര്‍.ശ്രീലേഖയുടെ സെല്‍ഫ് ഗോള്‍; അവസരമാക്കി സിപിഎം


തിരുവനന്തപുരം കോർപറേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വട്ടിയൂർക്കാവ്  എം എൽ എ യുടെ ഓഫീസും ശാസ്തമംഗലം കൗൺസിലറുടെ ഓഫീസുമാണ് തർക്ക വിഷയം . നിലവിൽ ബി ജെ പിയുടെ തന്നെ ശാസ്തമംഗലം കൗൺസിലറായിരുന്ന എസ് മധുസൂധനൻ നായർ ഉപയോഗിച്ചിരുന്ന ഓഫീസ് പോരെന്ന് പുതിയ കൗൺസിലർ ആർ ശ്രീലേഖ. എം എൽ എ ഓഫീസ് പ്രവർത്തിക്കുന്ന മുറി കൂടി വേണമെന്ന് പ്രശാന്തിനോട് ഫോണിൽ വിളിച്ച് ആവശ്യ പ്പെട്ടു. ഒഴിയില്ലെന്നും മര്യാദകേടെന്നും വികെ പ്രശാന്ത് തിരിച്ചടിച്ചു.

വാടക കരാർ ഉണ്ടെന്ന് തോന്നുന്നില്ലെന്നും സഹോദനോട് പറയുന്നതുപോലെയാണ് ആവശ്യ മുന്നയിച്ചതെന്നും ആർ ശ്രീലേഖ വിശദീകരിച്ചു. മേയർ ആയെങ്കിൽ കോർപറേഷൻ ഓഫീസ് ഉപയോഗിക്കാമായിരുന്നുമെന്നും ഇപ്പോൾ അതല്ലല്ലോ സ്ഥിതിയെന്നും ശ്രീലേഖ പറഞ്ഞെന്ന് വി കെ പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. പറഞ്ഞത് തെളിയിക്കാൻ ഫോൺ സംഭാഷണം പുറത്തു വിടാൻ ശ്രീലേഖ പ്രശാന്തിനെ വെല്ലുവിളിച്ചു. തുടർന്ന് തന്റെ ഓഫീസിന് സൗകര്യങ്ങളില്ലെന്നും അലമാര ശുചിമുറിയിൽ വയ്ക്കേണ്ട ഗതികേടെന്നും ശ്രീലേഖ മാധ്യമങ്ങൾക്ക് മുമ്പിൽ

വിശദീകരിച്ചു. പ്രശാന്തിന്റെ ഓഫീസിലേയ്ക്ക് കയറിച്ചെന്ന ശ്രീലേഖ തന്റെ ഓഫീസ് ഇവിടെ പ്രവർത്തിക്കുന്നത് പ്രശാന്തിന് അസൗകര്യമുണ്ടാക്കും എന്നു സൗഹൃദ ഭാവത്തിൽ പറഞ്ഞു. 

ഇത്രയും കാലം കൗൺസിലർമാർ പ്രവർത്തിച്ചിട്ട് ഉണ്ടാകാത്ത അസൗകര്യം ഇനിയും ഉണ്ടാകില്ലെന്ന് പ്രശാന്തും അതേ സൗഹൃദ ഭാവത്തിൽ പറഞ്ഞു. കോർപറേഷൻ കെട്ടിടത്തിന്റെ താഴത്തെ നില കൗൺസിലറുടെ ഓഫീസിനായി അനുവദിച്ചതാണെന്ന് ശ്രീലേഖ ചൂണ്ടി കാട്ടുന്നു. എന്നാൽ വാടക രസീത് പുറത്തുവിട്ടായിരുന്നു പ്രശാന്തിന്റെ മറുപടി. 872 രൂപയാണ് വാടക. 

അതേസമയം, എല്ലാം പരിശോധിക്കട്ടെയെന്നായിരുന്നു മേയറുടെ നിലപാട്. 

വട്ടിയൂർക്കാവ് എം എൽ എ വി കെ പ്രശാന്തും അടുത്ത തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ ബിജെപി സ്ഥാനാർത്ഥിയാക്കുമെന്ന്  കരുതുന്ന ആർ ശ്രീലേഖയും തമ്മിൽ 

ഓഫീസിനെച്ചൊല്ലി കുറിച്ച അങ്കത്തിൽ ആരു ജയിക്കുമെന്നതിൽ  ബിജെപി ഭരിക്കുന്ന കോർപ്പറേഷൻ കൗൺസിലിന്റെ തീരുമാനം നിർണായമാകും.