തിരുവനന്തപുരം കോര്‍പറേഷനില്‍ അധികാരമേറ്റ് രണ്ടാം ദിവസം തന്നെ ബി.ജെ.പിക്ക് തലവേദനയായി ആര്‍.ശ്രീലേഖയുടെ സെല്‍ഫ് ഗോള്‍. കോര്‍പറേഷന്‍ കെട്ടിടത്തില്‍ വാടക നല്‍കി പ്രവര്‍ത്തിക്കുന്ന ഓഫീസ് ഒഴിയാന്‍ വി.കെ പ്രശാന്ത് എം.എല്‍.എയോട് ശ്രീലേഖ ആവശ്യപ്പെട്ടത് നേതൃത്വത്തോട് ആലോചിക്കാതെ. രാഷ്ട്രീയ അവസരമായി കണ്ട് സി.പി.എം ശ്രീലേഖയ്‌ക്കെതിരെ ശക്തമായി രംഗത്തെത്തി. Also Read: സഹോദരനോടെന്നപോലെ അഭ്യര്‍ഥിച്ചു; പറ്റുമെങ്കില്‍ ഒഴിപ്പിച്ചോയെന്ന് പ്രശാന്ത് പറഞ്ഞു: ശ്രീലേഖ
കോര്‍പറേഷന്‍ കെട്ടിടം വാടകയ്ക്ക് നല്‍കുന്നതും ഒഴിപ്പിക്കുന്നതുമെല്ലാം തീരുമാനിക്കേണ്ടത് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗമാണ്. എന്നിട്ടും കോര്‍പറേഷനുമായി വാടക്കരാര്‍ ഉള്ള ഓഫീസ് ഒഴിയണമെന്ന് വി.കെ പ്രശാന്ത് എം.എല്‍.എയെ നേരിട്ട് വിളിച്ച് കൗണ്‍സിലറായ ആര്‍ ശ്രീലേഖ ആവശ്യപ്പെട്ടത് എന്ത് അധികാരത്തിന്‍റെ അടിസ്ഥാനത്തിലാണ്...? ഈ ചോദ്യത്തിന് ബിജെപിക്കോ ശ്രീലേഖയ്ക്കോ ഉത്തരമില്ല.
അതിനാലാണ് ഓഫീസ് ഒഴിയാന്‍ സൗഹൃദപരമായി അഭ്യാര്‍ഥിച്ചതാണെന്ന ന്യായീകരണം ആര്‍ ശ്രീലേഖ നടത്തുന്നത്. ആവശ്യം സെല്‍ഫ് ഗോളായെന്ന തിരിച്ചറിവിലാണ് പ്രശാന്തിനെ നേരില്‍ കണ്ട് വിവാദം തണുപ്പിക്കാന്‍ ശ്രീലേഖ ശ്രമം നടത്തിയത്. അപ്പോഴേക്കും വിഷയം ഉയര്‍ത്തി രാഷ്ട്രീയ ആക്രമണം സി.പി.എം ശക്തമാക്കിയിരുന്നു.
അധികാരമേറ്റ രണ്ടാം ദിനം തന്നെ സി.പി.എമ്മിന് ഇത്തരത്തില്‍ ഒരു രാഷ്ട്രീയ ആയുധം നല്‍കിയതില്‍ ശ്രീലേഖയ്ക്കെതിരെ ബിജെപി നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് വിവരം. മേയറുമായോ, പാര്‍ട്ടി നേതൃത്വവുമായോ ചര്‍ച്ച ചെയ്യാതെയുള്ള ശ്രീലേഖയുടെ നടപടി അപക്വമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.